2024 ലെ പാക് പൊതുതിരഞ്ഞെടുപ്പ്, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍


ഇസ്ലാമാബാദ്: 2024ല്‍ നടക്കുന്ന പാകിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള  മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇമ്രാന്‍ ഖാന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ജന്മനാടായ മിയാന്‍വാലിയിലും ലാഹോറിലും മത്സരിക്കാനാണ് പത്രിക സമര്‍പ്പിച്ചത്. ഇത് രണ്ടും തള്ളിയിരിക്കുകയാണ്.

2022ലാണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാനെ ഭരണത്തില്‍ നിന്നും പുറത്താക്കുന്നത്. കോടതിയില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നതിനാലാണ് ഇമ്രാനെ തിരഞ്ഞെടുപ്പില്‍ അയോഗ്യനാക്കിയത്.

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കേസില്‍ ഈ മാസം 23 ന് ഇമ്രാന്‍ ഖാന് ജാമ്യം ലഭിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തിയെന്നതാണ് ഇമ്രാന്‍ ഖാന് എതിരെയുള്ള കേസ്.

ഫെബ്രുവരി 8 നാണ് പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.