ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഇനി മുതൽ ഉയർന്ന പലിശ: നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ


രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ പലിശ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ, ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപം നടത്തുന്നവർക്ക് ഉയർന്ന പലിശ ലഭിക്കും. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ പാദാടിസ്ഥാനത്തിൽ പരിഷ്കരിക്കാറുണ്ട്.

നേരത്തെ നിക്ഷേപം ആരംഭിച്ചവർക്കും, പുതുതായി നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പുതുക്കിയ പലിശ നിരക്ക് ലഭിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പ്രത്യേക ചെറുകിട സമ്പാദ്യ പദ്ധതികൾക്കും, പോസ്റ്റ് ഓഫീസ് സ്കീമുകൾക്കും സർക്കാർ പ്രഖ്യാപിച്ച പലിശ നിരക്കിൽ വർദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. ഇക്കുറി, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എന്നാൽ, സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

10 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശ നിരക്കിൽ 8.2 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പോസ്റ്റ് ഓഫീസ് വഴിയാണ് ഈ സ്കീമിൽ ചേരാൻ കഴിയുക. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ തുക വിനിയോഗിക്കാനാകും. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചത് സാധാരണക്കാർക്കാകും കൂടുതൽ സഹായകരമാകുക.