പ്രളയബാധിതരെ സഹായിക്കാന്‍ നേരിട്ടെത്തി വിജയ്; 800 കുടുംബങ്ങൾക്ക് കൈത്താങ്ങായി ദളപതി, ഒരു ലക്ഷം വരെ സഹായം


ചെന്നൈ: പ്രളയത്തെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായവർക്ക് കൈത്താങ്ങായി വിജയ്. 800 കുടുംബങ്ങളെയാണ് സഹായിക്കാൻ വിജയ് തീരുമാനിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തിയാണ് വിജയ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തത്. ആരാധകരുടെ സഹായത്തോടെയാണ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്തത്. വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10,000 രൂപ വീതവും, വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50,000 വീതവും നല്‍കി.

ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും വിജയ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഭക്ഷണ സാധനങ്ങളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തു. അര്‍ഹരായവര്‍ക്ക് ഇനിയും സഹായം എത്തിക്കുമെന്ന് വിജയ് അറിയിച്ചു. ദുരിതത്തിലായവരെ സഹായിക്കാൻ വിജയ് നേരിട്ടെത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

അതേസമയം, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചകളില്‍ തുടരുകയാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ വിജയ് നേരിട്ട് ഇറങ്ങി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ കുറച്ചേറെ കാലമായി പ്രചരിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എസ്എസ്എല്‍സി വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് സൂചനകള്‍ നല്‍കിയിരുന്നു. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നും പണം വാങ്ങി വോട്ട് ചെയ്യരുതെന്നും വിജയ് കുട്ടികളോട് പറഞ്ഞിരുന്നു. ഇത് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായാണ് കാണുന്നത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ട്യൂഷനും, വായനാശാലകളും വിജയ് ഒരുക്കിയിട്ടുണ്ട്.