ജക്കാർത്ത: വിസ നടപടികളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസ നയമാണ് രാജ്യം പുതുതായി ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടെ, സന്ദർശക വിസ ഉപയോഗിച്ച് അടുപ്പിച്ച് 60 ദിവസം വരെ ഇന്തോനേഷ്യയിൽ താമസിക്കാനാകും. ഇത്തരത്തിൽ അഞ്ച് വർഷം വരെ ഇന്തോനേഷ്യയിൽ വന്നുപോകാൻ സന്ദർശകരെ അനുവദിക്കുന്നതാണ് പുതിയ വിസ. 5 വർഷത്തെ സന്ദർശക വിസയ്ക്ക് 972 യുഎസ് ഡോളറാണ് (80,000 രൂപ) ഈടാക്കുന്നത്. ഓൺലൈൻ പേയ്മെന്റ് മുഖേന ഈ തുക അടയ്ക്കാവുന്നതാണ്.
ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്തോനേഷ്യ വിസ നടപടികളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 30 ദിവസത്തെ പ്രവേശനാനുമതി നൽകുന്ന പഴയ വിസയുടെ കാലാവധി 30 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചാണ് പുതിയ വിസ നൽകുക. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയായി ഇവ മാറ്റുന്നതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അതേസമയം, 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രകാരം എത്തുന്നവർക്ക് ഇന്തോനേഷ്യയിൽ സ്ഥിര ജോലി കിട്ടുകയാണെങ്കിൽ വിസ മാറ്റേണ്ടതായി വരും. പുതിയ വിസ ചട്ടങ്ങൾ പ്രാബല്യത്തിൽ ആയിട്ടുണ്ട്.