കാത്തിരിപ്പിനൊടുവിൽ ഒല ഇലക്ട്രിക് ഓഹരി വിപണിയിലേക്ക്, രേഖകൾ സമർപ്പിച്ചു


നിക്ഷേപകരുടെ ദീർഘനാൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ  പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് ഓഹരി വിപണിയിലേക്ക് എത്തുന്നു. നിലവിൽ, ഐപിഒയുമായി ബന്ധപ്പെട്ട കരട് രേഖകൾ സെബിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ഒല ഇലക്ട്രികിന്റെ തീരുമാനം. ഓഫർ ഫോർ സെയിൽ വഴി 9.5 കോടി ഓഹരികൾ വിൽക്കുന്നതാണ്. 10 രൂപയാണ് ഓരോ ഓഹരിയുടെയും മുഖവില നിശ്ചയിച്ചിരിക്കുന്നത്.

മൊത്തം ഐപിഒയുടെ 75 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും, 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകർക്കും, 10 ശതമാനം ചെറുകിട നിക്ഷേപകർക്കും വകയിരുത്തുന്നതാണ്. 2024 ഓടെ 700-800 കോടി ഡോളർ മൂല്യമുള്ള കമ്പനിയായി മാറാനാണ് ഒല ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്ന ആദ്യ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ കൂടിയാണ് ഒല ഇലക്ട്രിക്.

ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ പൊതുവായ ആവശ്യങ്ങൾക്കും, ഉൽപന്ന വികസനം, വായ്പാ തിരിച്ചടവ്, സബ്സിഡയറികൾക്ക് കടം നൽകൽ, മൂലധന ചെലവുകൾ, ഒല ജിഗാ ഫാക്ടറി പദ്ധതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. 2017-ലാണ് ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചത്. ഇന്ന് ടൂവീലർ വിൽപ്പനയിൽ രാജ്യത്ത് തന്നെ മുൻപന്തിയിൽ ഉള്ള കമ്പനി കൂടിയാണ് ഒല.