ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഇനി ഡിസ്കാർഡ് റിട്ടേൺ ഓപ്ഷൻ കൂടി, പിഴവുകൾ ഇനി വേഗത്തിൽ തിരുത്താം


ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഇനി മുതൽ ഡിസ്കാർഡ് റിട്ടേൺ ഓപ്ഷൻ കൂടി ലഭ്യം. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, നികുതി ദായകർക്ക് വളരെ വേഗത്തിൽ അവരുടെ ആദായനികുതി റിട്ടേണിലെ തെറ്റുകൾ തിരുത്താനും, പുതിയ റിട്ടേൺ ഫയൽ ചെയ്യാനും സാധിക്കും. ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടൽ മുഖേന നികുതി ദായകർക്ക് അപ്‌ലോഡ് ചെയ്തിട്ടുള്ള ഐടിആറുകൾ പരിശോധിച്ച് ഉറപ്പാക്കുന്നതിന് മുൻപ് തെറ്റുകൾ തിരുത്താൻ കഴിയുന്നതാണ്.

നേരത്തെ നികുതി ദായകർ ആദ്യം സമർപ്പിച്ച റിട്ടേണുകളിൽ തെറ്റ് ഉണ്ടെങ്കിൽ പുതുക്കിയ ഐടിആറുകൾ വീണ്ടും ഫയൽ ചെയ്യുന്നതായിരുന്നു രീതി. എന്നാൽ, ഇത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള പിഴവുകളോ, വീഴ്ചകളോ സംഭവിക്കുകയാണെങ്കിൽ ഈ ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ, ഉപഭോക്താക്കൾ ഐടിആർ സംബന്ധിച്ച് ഒരിക്കൽ ഡിസ്കാർഡ് റിട്ടേൺ ഓപ്ഷൻ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഇത് പഴയ രീതിയിലാക്കാൻ സാധിക്കുകയില്ല.

ഡിസ്കാർഡ് ഓപ്ഷൻ ഉപയോഗിക്കുന്ന രീതി

  • www.incometax.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • ഇ-ഫയലിംഗ് തിരഞ്ഞെടുക്കുക.
  • ആദായ നികുതി റിട്ടേണിലേക്ക് പോകുക.
  • e-Verify ITR എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഡിസ്കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.