ഗാസയിൽ ഇസ്രായേൽ സൈനികർക്ക് മുന്നിൽ ഹമാസ് തീവ്രവാദികൾ കീഴടങ്ങി?


ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഹമാസ് തീവ്രവാദികൾ ഐഡിഎഫിന് കീഴടങ്ങിയതായി പ്രചാരണം. ഇതിന്റെ ചിത്രങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടു. അടിവസ്ത്രം മാത്രം ധരിച്ച് സ്‌ക്രീനിൽ നിന്ന് ഒരാളുടെ നിർദ്ദേശം അനുസരിച്ച് ആയുധം താഴെയിടുന്ന ആളുകളുടെ രണ്ട് വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ഹമാസ് ഭീകരർ തങ്ങൾക്ക് ഇസ്രായേലി സൈനികർക്ക് മുന്നിൽ കീഴടങ്ങിയെന്ന തരത്തിലാണ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നത്.

സംഘത്തിൽ രണ്ട് യുഎൻ പ്രവർത്തകരും രണ്ട് കൗമാരക്കാരും ഉൾപ്പെടെ ഏഴ് സാധാരണക്കാരെയെങ്കിലും തിരിച്ചറിഞ്ഞതായി സോഷ്യൽ മീഡിയ അവകാശപ്പെടുന്നു. യുഎൻആർഡബ്ല്യുഎ സ്‌കൂൾ ഡയറക്ടർ ഡാർവിഷ് ഗർബാവി, യുഎൻ സ്റ്റാഫ് അഹമ്മദ് അക്രം ലുബാദ്, 15 വയസ്സുള്ള രണ്ട് ആൺകുട്ടികൾ എന്നിവരും തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ടെലിഗ്രാമിലും X-ലെ ഇസ്രായേൽ അനുകൂല അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ച നിരവധി ഫോട്ടോകൾ ഇസ്രായേൽ കവചിത വാഹനത്തിന് സമീപം നഗ്നരായ പുരുഷന്മാരെ കാണിക്കുന്നുണ്ട്. അവരുടെ കൈകൾ കെട്ടിയിട്ടിരിക്കുന്നതും തടവുകാരെ സൈനിക ട്രക്കിൽ കയറ്റുന്നതും, ഒരു കൂട്ടം പലസ്തീനികൾ വസ്ത്രം ധരിച്ച് കണ്ണുമടച്ച് ഒരു കുഴിക്ക് സമീപം മുട്ടുകുത്തി നിൽക്കുന്നതും കാണാം.

ബെയ്റ്റ് ലാഹിയയിലെ അമേരിക്കൻ സോക്കർ മൈതാനത്തിനടുത്തുള്ള ഉലയ്യൻ ഫാർമസി എന്ന ഫാർമസിക്ക് സമീപമുള്ള മറ്റൊരു ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഡിസംബർ 10 ന് ആണ് ഈ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ, ഗാസയിൽ നിന്ന് ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അടുത്തിടെ ഡസൻ കണക്കിന് ഹമാസ് തീവ്രവാദികൾ കീഴടങ്ങിയതായി അവകാശപ്പെട്ടിരുന്നു.