ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകൾ ഇനി ജപ്പാനിലെ ഹൃദ്രോഗികളിൽ തുടിക്കും: ഇന്ത്യയുമായി പുതിയ കരാറിൽ ഏർപ്പെട്ട് ജപ്പാൻ
അഹമ്മദാബാദ്: ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകളും, അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനൊരുങ്ങി ജപ്പാൻ. ഇന്ത്യയിൽ നിന്നുള്ള ഇത്തരം മെഡിക്കൽ ഉപകരണങ്ങൾ പൂർണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതോടെയാണ് പുതിയ കരാറിനായി ജപ്പാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ഗുജറാത്ത് ആസ്ഥാനമായുള്ള ബിലാഖിയ ഗ്രൂപ്പ് കമ്പനിയായ മെറിൻ ലൈഫ് സയൻസുമായാണ് ജപ്പാൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ പ്രമുഖ കാർഡിയോ വാസ്കുലർ മെഡ്ടെക് കമ്പനിയായ ജപ്പാൻ ലൈഫ്ലൈനാണ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത്.
മെറിൽ നിർമ്മിച്ച 25000-ലധികം ഹൃദയ വാൽവുകൾ 75 രാജ്യങ്ങളിലെ രോഗികളിൽ ഉപയോഗിച്ചിരുന്നു. ഇവ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഏകദേശം 80ലധികം ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പിന്തുണയാണ് ഇന്ത്യൻ നിർമ്മിത കൃത്രിമ ഹൃദയ വാൽവുകൾക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം മുപ്പതിലധികം വർഷത്തോളം ഹൃദയ വാൽവ് രോഗ ചികിത്സാ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ജപ്പാൻ ലൈഫ്ലൈൻ. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതോടെ ജപ്പാനിലെ ആയിരക്കണക്കിന് രോഗികൾക്ക് രോഗമുക്തി നേടാൻ കഴിയുന്നതാണ്. ഹൃദയ വാൽവുമായി ബന്ധപ്പെട്ടുള്ള തകരാറുകളെ തുടർന്ന് നിരവധി രോഗികളാണ് ആശുപത്രിയിൽ എത്താറുള്ളത്.