രാജ്യത്തെ 70 ലക്ഷം മൊബൈൽ നമ്പറുകൾ സസ്പെൻഡ് ചെയ്ത് കേന്ദ്ര സർക്കാർ. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 70 ലക്ഷത്തോളം മൊബൈൽ നമ്പറുകൾക്ക് പൂട്ടുവീണത്. രാജ്യത്തെ ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മൊബൈൽ നമ്പറുകൾ സസ്പെൻഡ് ചെയ്തതിനോടൊപ്പം, മുഴുവൻ ബാങ്കുകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി വിവേക് ജോഷിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തട്ടിപ്പുകൾ കണ്ടെത്തുന്നതിനും, അവ കൃത്യമായി തടയുന്നതിനുമുള്ള സംവിധാനം ബാങ്കുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതാണ്. ആധാർ അധിഷ്ഠിത പേയ്മെന്റ് സിസ്റ്റത്തിലെ മുഴുവൻ ഡാറ്റകളും സുരക്ഷിതമാണെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും നിരവധി തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ടെക്നോളജിയുടെ വികാസത്തോടെ ഡിജിറ്റൽ തട്ടിപ്പുകളുടെ രൂപവും ഭാവവും മാറിയതിനാൽ, ഉപഭോക്താക്കൾ തട്ടിപ്പുകളിലേക്ക് വീഴാതിരിക്കാൻ കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തേണ്ടതാണ്. ബോധവൽക്കരണ പരിപാടികൾ ശരിയായ രീതിയിൽ നടത്തുകയാണെങ്കിൽ തട്ടിപ്പുകളുടെ എണ്ണം പരമാവധി കുറയ്ക്കാൻ കഴിയുന്നതാണ്.