ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനത്തിനാണ് ഐസിഐസിഐ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാവുന്ന തരത്തിലാണ് ക്രമീകരണം. ഇതോടെ, ഓൺലൈനിലും ഓഫ്ലൈനിലും ഇടപാടുകൾ നടത്താൻ സാധിക്കും.
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഐസിഐസിഐ ബാങ്ക്, റുപേ ക്രെഡിറ്റ് കാർഡുകളിൽ യുപിഐ ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുന്നത്. ഐസിഐസിഐ ബാങ്ക് കോറൽ റുപേ കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്സ് റുപേ കാർഡ് എന്നിവയെല്ലാം യുപിഐയുമായി ലിങ്ക് ചെയ്യാവുന്നതാണ്.
ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്നതോടെ, ഷോപ്പിംഗ്, ബിൽ പേയ്മെന്റുകൾ, പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ വഴിയുള്ള പേയ്മെന്റുകൾ എന്നിവ പോലെയുള്ള ഇടപാടുകൾ നടത്താനാകും. രാജ്യത്തെ നിരവധി ബാങ്കുകൾ ഇതിനോടകം തന്നെ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്ന സേവനം ആരംഭിച്ചിട്ടുണ്ട്.