കോട്ട: ജയ്പൂരിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. നീറ്റ് മത്സര പരീക്ഷയ്ക്കൊരുങ്ങിക്കൊണ്ടിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഒടുവില്‍ ജീവനൊടുക്കിയത്. ഫോറിഡ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം ഇവിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 28 ആയി.
വഖഫ് നഗറിലെ താമസസ്ഥലത്ത് ഇന്നലെ വൈകീട്ട് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് നാല് മണിക്കാണ് ഫോറിഡിനെ ഒടുവില്‍ പുറത്തുകണ്ടതെന്ന് സഹപാഠികള്‍ പറയുന്നു. ഏഴു മണി കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം പോലീസിനെ വിളിച്ചുവരുത്തി മുറി തുറന്ന് പരിശോധിക്കുമ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഫോറിഡ് കോട്ടയിലാണ് താമസിച്ചിരുന്നത്. മത്സര പരീക്ഷകളില്‍ മുന്നിലെത്താന്‍ കോച്ചിംഗ് സെന്ററുകളില്‍ നിന്ന് കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദം ഇത്തരം കടുകൈയിലേക്ക് നയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോച്ചിംഗ് സെന്ററുകള്‍ക്ക് മാര്‍ഗരേഖ നല്‍കിയിരുന്നു.