‘കമ്യൂണിസം ലോകമെങ്ങും ചരമമടഞ്ഞു’ കേരളം ആജീവനാന്ത ബഹുമതിയോടെ ആദരിക്കുന്ന ചലച്ചിത്രകാരൻ സനൂസി 20 വർഷം മുമ്പ് പറഞ്ഞതിങ്ങനെ
വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് (Krzysztof Zanussi) ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ – IFFK) ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് (Lifetime Achievement Award) സമ്മാനിക്കും. സനൂസിയുടെ ആറ് ചിത്രങ്ങളാണ് ഈ വർഷത്തെ മേളയിൽ പ്രദർശിപ്പിക്കുക. എന്നാൽ ഇതിനെച്ചൊല്ലി വിവാദങ്ങളും ചൂടുപിടിച്ചുകഴിഞ്ഞു. മുൻപ്, 2003 ലെ ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ സനൂസി കേരളത്തിൽ എത്തിയിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്നത് യുഡിഎഫ് സർക്കാർ ആയിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് അന്നേ വ്യക്തമാക്കിയിട്ടുള്ളയാളാണ് സനൂസി.
കമ്യൂണിസം ലോകമെങ്ങും ചരമമടഞ്ഞു എന്ന നിശിത വിമർശനമാണ് 20 വർഷം മുൻപ് കേരളത്തിലെത്തിയപ്പോൾ സനൂസി ഉന്നയിച്ചത്. ഹിറ്റ്ലേറിയൻ നയങ്ങൾക്കു സമാനമാണ് കമ്യൂണിസ്റ്റ് നയങ്ങളെന്നും അന്ന് തിരുവന്തപുരത്ത് മാധ്യമങ്ങളോടു സംസാരിച്ച സനൂസി പറഞ്ഞിരുന്നു. ഹിറ്റ്ലർ കൊലപ്പെടുത്തിയതിനെക്കാൾ കൂടുതൽ പേരെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്നും അന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
ചില മുൻ കമ്മ്യൂണിസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ ഡെമോക്രാറ്റുകളുടെ വേഷമണിഞ്ഞ് നടക്കുന്നത് എന്നും യൂറോപ്പിലെ അഴിമതിക്കാരായ ഭരണാധികാരികളാണ് ഇവരെന്നും അന്ന് സനൂസി വിമർശിച്ചിരുന്നു. നിർഭാഗ്യവശാൽ, ഈ രാജ്യങ്ങളിൽ പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് വളരെ സാധാരണമായിത്തീർന്നെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, തനിക്കും ക്രിസ്റ്റോഫ് കീസ്ലോവ്സ്കിക്കും (പോളിഷ് ചലച്ചിത്രകാരൻ) സെൻസർഷിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും സനൂസി ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് ഇത്തവണത്തെ ഐഎഫ്എഫ്കെ നടക്കുക. മേളയിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.