തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യഘട്ടം മുതൽ ഓഹരി സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, അവസാന മണിക്കൂറുകളിൽ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. പ്രതീക്ഷയ്ക്കൊപ്പം നിൽക്കാത്ത അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ ധനനയ യോഗ മിനുട്ട്സ് നേരിയ തോതിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ബിഎസ്ഇ സെൻസെക്സ് 92 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,023-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 28 പോയിന്റ് നേട്ടത്തിൽ 19,811.85-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിന്റെ ഒരുവേള നിഫ്റ്റി 19,703 പോയിന്റ് വരെ താഴുകയും, 19,825 പോയിന്റ് വരെ ഉയരുകയും ചെയ്തിരുന്നു.
ഓഹരി വിപണിയിൽ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത് സിജി പവറാണ്. ജെഎസ്ഡബ്ല്യു എനർജി, ഗ്ലാൻഡ് ഫാർമ, ബിപിസിഎൽ തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മുന്നേറി. സെൻസെക്സിൽ ഇൻഫോസിസ്, പവർഗ്രിഡ്, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ നിറം മങ്ങി. ഡൽഹിവെറി, ടൊറന്റ് ഫാർമ, യൂണിയൻ ബാങ്ക്, ഭാരത് ഡൈനാമിക്സ് തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിലും നിരാശപ്പെടുത്തി.