ആലപ്പുഴ: ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലിക്കും മാവേലിക്കര സ്വദേശിയായ യുവാവ് എസ് ദേവ നാരായണനും ഇടയ്ക്ക് എന്താണ് പൊതുവായുള്ളത്? മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന എട്ട് ഇന്ത്യക്കാരിൽ ഇരുവരും ഉൾപ്പെടുന്നു എന്നതാണ് ഏക ബന്ധം. യഥാർത്ഥത്തിൽ പുന്നമൂട് സ്വദേശിയായ 18 കാരനാണ് ക്ലബ്ബ് ഫോളോ ചെയ്യുന്ന ഏക മലയാളി.
തടിയിൽ പെയിന്റിംഗ് കൊണ്ട് അദ്ഭുതം തീർക്കുന്ന കലാകാരനാണ് ദേവ നാരായണൻ. കലാസൃഷ്ടികളിൽ ചിലത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മാഞ്ചെസ്റ്റർ സിറ്റി ക്ലബ് ദേവ നാരായണനെ സമീപിക്കുയും കൂടുതൽ കലാസൃഷ്ടികൾ ആവശ്യപ്പെടകയുമായിരുന്നു. എർലിങ് ഹാലൻഡ്, ജൂലിയൻ അൽവാരസ്, റൂബെൻ ഡയസ് എന്നീ ക്ലബ് താരങ്ങളുടെയും മുൻ താരമായിരുന്ന റിയാദ് മഹ്റെസിന്റെയും രൂപങ്ങൾ തടിയിൽ ദേവ നാരായണൻ വരച്ചെടുത്തത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ഇതു കൂടാതെ 2023ൽ ക്ലബ് സ്വന്തമാക്കിയ മൂന്ന് കിരീടങ്ങളും ദേവ നാരായണന്റെ കരവിരുതിൽ തടിയിൽ ചിത്രങ്ങളായി. ഇത് ക്ലബ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും അവയൊക്കെ ദശലക്ഷക്കണക്കിനുപേർ കാണുകയും ചെയ്തു.
ഹയർ സെക്കൻഡറി വിദ്യാർത്ഥിയായിരിക്കെ, കോവിഡ് ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാനാണ് ദേവ നാരായണൻ പെയിന്റിംഗ് ചെയ്തു തുടങ്ങിയത്. മെല്ലെ കരാവിരുത് മരക്കഷണങ്ങലിലേക്ക് എത്തി. 17-25 സെ.മീ. നീളവും ഒരു സെ.മീ. വീതിയുമുള്ള തടിക്കഷണങ്ങളിലാണ് താരങ്ങളുടെ ചിത്രങ്ങൾ പിറന്നത്.
“കാൽപന്തുകളിയോട് ഏറെ താൽപര്യമുള്ള ഞാൻ പെലെ, മറഡോണ, റൊണാൾഡോ, മെസ്സി എന്നിവരുടെ വുഡ് ആർട്ടിന്റെ ചിത്രങ്ങൾ 2022 ഓഗസ്റ്റ് 18ന് എന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. ഇത് 1.55 ലക്ഷം പേർ കണ്ടു. ഈ വർഷം മാർച്ചിൽ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫുട്ബോൾ ആരാധകരുടെ കൂട്ടായ്മയായ ‘433’ എന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും 19.4 ദശലക്ഷം കാഴ്ചക്കാരെ നേടുകയും ചെയ്തു,” ചെങ്ങന്നൂരിലെ ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ദേവ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചിത്രങ്ങൾ വൈറലായതോടെ ഇത് മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ ശ്രദ്ധയിലും പെട്ടു.
“ആ കലാസൃഷ്ടിയിൽ, തടിക്കഷണങ്ങളുടെ വിന്യാസം നിലനിർത്താൻ ഞാൻ എന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. അതിന്റെ കവറിൽ ക്ലബ്ബിന്റെ ലോഗോ ഉണ്ടായിരുന്നു. ഇത് കണ്ട്, ക്ലബ്ബിന്റെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിനായ ജോനാഥൻ ടൗൺസ്ലിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് ക്ലബ്ബിൽ നിന്നുള്ള ഒരാൾ എനിക്ക് ഒരു സന്ദേശം അയച്ചു. ബന്ധപ്പെട്ടപ്പോൾ, ഹാലൻഡ്, അൽവാരസ്, മഹ്രെസ്, ഡയസ് എന്നിവരുടെ ഛായാചിത്രങ്ങൾ മരത്തിൽ സൃഷ്ടിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു, ”ദേവ പറഞ്ഞു. മാർച്ച് 30 ന് ക്ലബ്ബിന്റെ പേജിലെ ഈ ചിത്രങ്ങളടങ്ങിയ പോസ്റ്റ് ഏകദേശം 6.75 ദശലക്ഷം കാഴ്ചക്കാരെ നേടി.
ജൊനാഥൻ വീണ്ടും വിളിക്കുകയും എഫ് എ കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യുവേഫ കപ്പ് എന്നിവയുടെ സൃഷ്ടികൾ നിർമിക്കാനും ആവശ്യപ്പെട്ടു. രണ്ട് കിരീടവും നേടി മൂന്നാമത്തെ കപ്പിനായുള്ള പ്രയാണത്തിലായിരുന്നു ക്ലബ് അപ്പോള്‍. യുവേഫ കപ്പ് വിജയത്തിന് പിന്നാലെ ജൂൺ 12ന് ക്ലബ് ദേവയുടെ കലാസൃഷ്ടികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് 6.99 ദശലക്ഷംപേരാണ് കണ്ടത്.
”ഒരു ജേഴ്സി അയച്ചുതരുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതുപോലെ ചെയ്തു”- ഹാലൻഡ് ഒപ്പിട്ട ജേഴ്സിയാണ് സമ്മാനമായി ക്ലബ് അധികൃതർ ദേവ നാരായണന് അയച്ചുകൊടുത്തത്.