South Africa vs Sri Lanka| വിട്ടുകൊടുത്തില്ല, അവസാനം വരെ പോരാടി; ദക്ഷിണാഫ്രിക്കയോട് 102 റൺസിന് തോറ്റ് ശ്രീലങ്ക


ദക്ഷിണാഫ്രിക്ക ഉയർത്തിയ പടുകൂറ്റൻ സ്കോറിന് മുന്നിൽ അവസാനം വരെ പോരാടി ശ്രീലങ്ക. ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡോടെയാണ് ദക്ഷിണാഫ്രിക്ക 50 ഓവറിൽ 428 റൺസ് നേടിയത്. 429 എന്ന വിജയലക്ഷ്യത്തിലേക്ക് കുതിച്ച ശ്രീലങ്ക 44.5 ഓവറിൽ 326 റൺസിന് ഓൾ ഔട്ടായി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ന്യൂഡൽഹിയിലെ അരുൺജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷിയായത്.

ഇരുടീമുകളും ചേര്‍ന്ന് 754 റണ്‍സാണ് അടിച്ചിട്ടത്. ലോകകപ്പിൽ ഇരു ടീമുകളും ചേർന്ന് നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ദക്ഷിണാഫ്രിക്ക മുന്നിലിട്ട കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ പതറിയായിരുന്നു ശ്രീലങ്കയുടെ തുടക്കം. രണ്ടാം ഓവറിൽ ഓപ്പണർമാരായ പത്തും നിസങ്ക റൺസ് നേടാതേയും കുശാൽ പെരേരെയും(7) പുറത്തായി. എങ്കിലും മൂന്നാമനായി എത്തിയ കുശാൽ മെൻഡിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് ജീവൻ വെച്ചു. സദീര സമരവിക്രമയ്ക്കൊപ്പം ചേർന്നുള്ള കൂട്ടുകെട്ടിൽ സ്കോർ നൂറിന് മുകളിലെത്തിച്ചു.

വെടിക്കെട്ട് ബാറ്റിങ്ങിനിടയിലും വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. നായകൻ ഡാസണ്‍ ശനകയും ചരിത് അസലങ്കയും ശ്രീലങ്കയ്ക്ക് പ്രതീക്ഷകൾ നൽകിയെങ്കിലും ലുങ്കി എന്‍ഗിഡി അസലങ്കയെ മടക്കി. 65 പന്തില്‍ 79 റൺസാണ് അസലങ്ക നേടിയത്. പിന്നാലെ, 62 പന്തില്‍ 68 റണ്‍സെടുത്ത ശനകയും പുറത്തായി. വാലറ്റം വരെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പൊരുതി നിന്നു എന്ന് ശ്രീലങ്കയ്ക്ക് ആശ്വസിക്കാം. കസുന്‍ രജിത 33 റൺസ് നേടി.

ജെറാള്‍ഡ് കോട്‌സി മൂന്ന് വിക്കറ്റും കേശവ് മഹാരാജ്, കഗീസോ റബാദ, മാര്‍ക്കോ യാന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നേടി. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് ദക്ഷിണാഫ്രിക്കയുടെ മാര്‍ക്രം സ്വന്തം പേരില്‍ കുറിച്ചു. മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്നാണ് മാര്‍ക്രം സെഞ്ചുറി നേടിയത്.