ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യൻ കരുത്ത്; നിക്ഷേപത്തിൽ ബ്രിട്ടീഷുകാരെ പിന്തള്ളി ഇന്ത്യക്കാർ


ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കരുത്ത് അറിയിച്ച് ഇന്ത്യക്കാർ. ഇത്തവണ റിയൽ എസ്റ്റേറ്റ് വിപണിയിൽ ബ്രിട്ടീഷുകാരെ പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാമത് എത്തിയിരിക്കുന്നത്. ബെറ്റർഹോംസ് റെസിഡൻഷ്യൽ മാർക്കറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ മികച്ച നിക്ഷേപം നടത്തിയാണ് ഇന്ത്യക്കാർ ഒന്നാമത് എത്തിയിരിക്കുന്നത്. ആനുകൂല്യങ്ങൾ ഏറെ ലഭിക്കുന്നതിന്റെ പിൻബലത്തിലാണ് പുതിയ നേട്ടം. നിക്ഷേപത്തിൽ ബ്രിട്ടീഷുകാർ രണ്ടാം സ്ഥാനവും, ഈജിപ്ത് മൂന്നാം സ്ഥാനവും ലെബനൻ നാലാം സ്ഥാനവും കരസ്ഥമാക്കി.

ദുബായിലെ പ്രവാസികളിൽ 27.49 ശതമാനം ഇന്ത്യക്കാരാണ് ഉള്ളത്. പ്രധാനമായും വില്ലകൾക്കാണ് ദുബായിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. വില്ലകളുടെ ഡിമാന്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 34 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ഗോൾഡൻ വിസ ലക്ഷ്യമിട്ടാണ് വലിയ രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നത്. അതേസമയം, 18 മാസത്തിന് ശേഷം ആദ്യമായാണ് ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ടോപ് 3-യിൽ നിന്ന് റഷ്യക്കാർ പുറത്താകുന്നത്. കറൻസിയായ റൂബിളിന്റെ മൂല്യത്തകർച്ചയുടെ പശ്ചാത്തലത്തിലാണ് റഷ്യൻ നിക്ഷേപം വലിയ തോതിൽ ഇടഞ്ഞത്. ഇത്തവണ അഞ്ചാം സ്ഥാനത്താണ് റഷ്യ ഉള്ളത്.