ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. റിസർവ് ബാങ്ക് പലിശ നിരക്ക് നിലനിർത്തിയിട്ടും, ആഭ്യന്തര സൂചികകൾ നിറം മങ്ങുകയായിരുന്നു. ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 307.63 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,688.18-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 89.45 പോയിന്റ് നഷ്ടത്തിൽ 19,543.10-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിസർവ് ബാങ്കിന്റെ പണനയത്തിന് പിന്നാലെ ബാങ്കിംഗ്, ധനകാര്യ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദമാണ് ഉണ്ടായത്. കൂടാതെ, ഐടി, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർസ് തുടങ്ങിയ ഓഹരി സൂചികകളും നഷ്ടം നേരിട്ടു. പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ബാറ്റ ഇന്ത്യ, പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ബയോകോൺ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ട ഓഹരികൾ. സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, നെസ്ലെ ഇന്ത്യ എന്നിവയുടെ ഓഹരികളും ഇടിഞ്ഞു. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ടൈറ്റൻ, സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.