വാട്സ്ആപ്പിനോട് മത്സരിക്കാൻ പാകിസ്ഥാൻ, പുതിയ ആപ്പ് പുറത്തിറക്കി: വിശദവിവരങ്ങൾ അറിയാം


ആഗോളതലത്തിൽ ജനപ്രീതിയുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകമെമ്പാടും നിരവധി ആളുകളാണ് വാട്സ്ആപ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഇത്തവണ വാട്സ്ആപ്പിനോട് മത്സരിക്കാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. പുതിയൊരു ആപ്പ് പുറത്തിറക്കിയാണ് പാകിസ്ഥാൻ വാട്സ്ആപ്പിനെ വെല്ലുവിളിച്ചിരിക്കുന്നത്. ‘ബീപ് പാകിസ്ഥാൻ’ എന്നാണ് വാട്സ്ആപ്പിന്റെ എതിരാളിക്ക് പാകിസ്ഥാൻ നൽകിയിരിക്കുന്ന പേര്.

നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡുമായി സഹകരിച്ച് പാകിസ്ഥാൻ ഐടി മാന്ത്രാലയമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, പാകിസ്ഥാൻ ഐടി മന്ത്രി അമിനുൽ ഹഖ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ദേശീയ ഐടി ബോർഡിന്റെ മേൽനോട്ടത്തിൽ പാകിസ്ഥാനിലുള്ള സെർവറിൽ മാത്രമാണ് എല്ലാ ഉപഭോക്താക്കളുടെയും ഡാറ്റ സംഭരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ പാകിസ്ഥാനിലെ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ബീപ് പാകിസ്ഥാൻ ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പ്രധാനമായും പാകിസ്ഥാൻ ഐടി ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രാലയവും, എൻഐടിബിയും തമ്മിലുള്ള ആശയവിനിമയത്തിനാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുക. മറ്റു മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ആപ്പ് ഉപയോഗിക്കാനുള്ള അനുമതി നൽകിയതിനുശേഷമാണ് പാകിസ്ഥാനിലെ പൊതുജനങ്ങൾക്കായി ആപ്പ് പുറത്തിറക്കുകയുള്ളൂ.