ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഖ്യമായ ഇന്ത്യാ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. ലോക്സഭയിൽ വൈകിട്ട് നാല് മണിയോടെയാണ് പ്രധാനമന്ത്രിയുടെ മറുപടി. അവിശ്വാസപ്രമേയത്തിൻമേൽ സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അവിശ്വാസപ്രമേയ ചർച്ച അവസാനിക്കുന്നതോടെയാണ് പ്രധാനമന്ത്രി മറുപടി പറയുക.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസപ്രമേയം പാസാില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്.
ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലാത്ത ബിആർഎസ് അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ടിഡിപി തുടങ്ങിയ പാർട്ടികൾ സർക്കാരിനെ പിന്തുണയ്ക്കും.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ലോക്സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്ക് പോരണ് കഴിഞ്ഞ ദിവസം നടന്നത്. മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്.
മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാൻ മോദി തയ്യാറാകണം. ഇന്ത്യയുടെ ശബ്ദമല്ലാതെ വേറെ ആരുടെ ശബ്ദമാണ് കേള്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.