‘ഇന്നച്ചനും മാമുക്കോയയും ഇപ്പോൾ സിദ്ധീഖ് സാറും…’; നായകനാക്കിയ സംവിധായകനെ കുറിച്ച് സായ്കുമാർ


ഓട്ടോറിക്ഷയിൽ മലയാളിയുടെ മനസ്സിലേക്ക് ഇറങ്ങി വന്ന നടൻ. കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അഭിനയ ചക്രവർത്തിയുടെ മകൻ മലയാള സിനിമയിലേക്ക് കടന്നു വന്നത് ഇങ്ങനെയാണ്. ബാലകൃഷ്ണാ… എന്ന വിളിയിൽ ഓർക്കുന്ന ഓരേയൊരു നടൻ സായ്കുമാർ. ആ കഥാപാത്രത്തെ അദ്ദേഹത്തിന് നൽകിയ സിദ്ധീഖ്-ലാൽ എന്ന സംവിധായകർ. അതിലൊരാളാണ് നമ്മെ വിട്ടുപോയിരിക്കുന്നത്.

‘ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ധീഖ് സാറും… റാംജി റാവുവിലെ മൂന്ന് അംഗങ്ങള്‍ പോയി’. സിദ്ധീഖിന്റെ വിയോഗത്തെ കുറിച്ച് സായ്കുമാറിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ഇടറിയ വാക്കുകളോടെയാണ് നടൻ സായ്കുമാർ തന്റെ ആദ്യ സംവിധായകന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്.

‘ചെറിയ അസുഖങ്ങള്‍ ഉണ്ടെന്ന് അറിയാമായിരുന്നു. ഇത്ര പെട്ടെന്ന് പോകും എന്ന് കരുതിയില്ല. സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദീഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങള്‍ നേടിയ വ്യക്തി. ഈ വിയോഗം താങ്ങാനുള്ള ശേഷി അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.’ ചുരുങ്ങിയ വാക്കുകളിൽ സായ്കുമാർ പറഞ്ഞവസാനിപ്പിച്ചു.

മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളും സംഭാഷണങ്ങളും അവശേഷിപ്പിച്ചാണ് സിദ്ധീഖ് എന്ന സംവിധായകൻ മടങ്ങിയത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാവിലെ ഒൻപതു മുതൽ പന്ത്രണ്ടു വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും .വൈകിട്ട് ആറു മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണ് കബറടക്കം.