ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകന് സിദ്ദിഖിനെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. സിദ്ദിഖ് മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സംവിധായകനുള്ളത്. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞു വരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. സിദ്ദിഖിനെ കാണാൻ ലാൽ അടക്കമുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. സംവിധായകന് മേജര്‍ രവി അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഗുരുതരാവസ്ഥയിൽ തുടരുകയാണ് സിദ്ധിഖെന്ന് സന്ദർശനത്തിന് ശേഷം മേജർ രവി പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലിവറിന് പ്രശ്നമുണ്ട്. ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണ്. ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായതിനാൽ ആരെയും ഇതുവരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല.