ഡിസ്കൗണ്ട് നിരക്കിൽ ജീവനക്കാർക്ക് താമസ സൗകര്യം, വർക്ക് അറ്റ് ഹോം അവസാനിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഗൂഗിൾ
വർക്ക് അറ്റ് ഹോം അവസാനിപ്പിച്ച് ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കാൻ പുതിയ ശ്രമങ്ങളുമായി ഗൂഗിൾ രംഗത്ത്. ഇത്തവണ ജീവനക്കാർക്ക് വിവിധ തരത്തിലുള്ള ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ക്യാമ്പസിലെ ഹോട്ടലിൽ ഡിസ്കൗണ്ട് നിരക്കിൽ വേനൽക്കാല സ്പെഷ്യൽ താമസമാണ് ഏറ്റവും ഒടുവിലായി നൽകിയ വാഗ്ദാനം. വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ കുറഞ്ഞ നിരക്കിൽ സുഖവാസ കേന്ദ്രം ലഭിക്കുന്നതോടെ ജീവനക്കാർ തിരികെ എത്തുമെന്നാണ് ഗൂഗിളിന്റെ വിലയിരുത്തൽ.
മൗണ്ടൻ വ്യൂവിലാണ് ഗൂഗിളിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ അടുത്തിടെ ആരംഭിച്ച ബേ വ്യൂ ക്യാമ്പസിലാണ് ഹോട്ടൽ ഉള്ളത്. ജീവനക്കാർക്ക് മാത്രമായി 240 ഫുളി ഫർണിഷ്ഡ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ജീവനക്കാർ ഓഫീസിലേക്ക് എത്തേണ്ടത്. അതിനാൽ, ജീവനക്കാർക്ക് ഓഫീസിന് സമീപം തന്നെ താമസസൗകര്യം ഒരുക്കണമെന്ന കമ്പനിയുടെ ആഗ്രഹ പ്രകാരമാണ് പുതിയ ഓഫർ. ഇതുവഴി യാത്രയ്ക്കാവശ്യമായ സമയം കുറയ്ക്കാൻ കഴിയും.
കമ്പനിയിലെ സ്ഥിരം ജീവനക്കാർക്ക് സീസണിൽ ഒരു രാത്രിക്ക് 99 ഡോളർ നൽകി ഹോട്ടലിൽ താമസിക്കാവുന്നതാണ്. സെപ്റ്റംബർ 30 വരെയാണ് ഈ ഓഫർ ലഭിക്കുക. ജീവനക്കാർ അവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തേണ്ടത്. വർക്ക് ഫ്രം ഹോം പൂർണമായും അവസാനിപ്പിച്ച്, ഹൈബ്രിഡ് മോഡിലേക്ക് മാറാനാണ് ഗൂഗിളിന്റെ നീക്കം.