5ജിയുടെ വരവോടെ സ്മാര്‍ട്ട് ഫോണുകളുടെ വിലയിലും കാര്യമായ ഉയര്‍ച്ചയാണുണ്ടായത്. എന്നാല്‍ ബജറ്റ് ഫ്രണ്ട്ലി വിലകളില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിക്കാന്‍ ചില കമ്പനികള്‍ തയ്യാറായത് സ്മാര്‍ട്ട് ഫോണ്‍ ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. അത്തരത്തില്‍ ബജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഉദാഹരമാണ് റെഡ്മി 12 5G ഉം പോക്കോ M6 Pro 5Gയും. വിലക്കുറവുള്ള മറ്റ് 5ജി സ്മാര്‍ട്ട് ഫോണുകളും ഇന്ന് വിപണിയിലുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ലാവാ ബ്ലെയ്സ് 5ജി (Lava Blaze 5G – 10,999)
സ്മൂത്തും റെസ്പോണ്‍സീവുമായ ഡിസ്പ്ലേ ആണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അതിന് പറ്റിയ ഓപ്ഷനാണ് ലാവാ ബ്ലെയ്സ് 5G. 6.52 ഇഞ്ച് IPS എൽസിഡി സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. കൂടാതെ 90Hz റിഫ്രഷ് റേറ്റും 720 x 1600 പിക്സല്‍ റെസലൂഷനും ഈ ഫോണിന്റെ മറ്റ് പ്രത്യേകതയാണ്. 8 എംബി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ഫോണിന് പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണുള്ളത്. 50 എംപി മെയിന്‍ സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ്, 0.3 എംപി ഡെപ്ത്ത് സെന്‍സറും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ്-12ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5000 mAh ബാറ്ററി ബാക്കപ്പുമുണ്ട്.
റെഡ്മി 12 5ജി / പോക്കോ എം6 പ്രോ (Redmi 12 5G/Poco M6 Pro) – വില 10999, 11999
ഫീച്ചേഴ്സിന്റെ കാര്യത്തില്‍ സമാനതകള്‍ ഉണ്ടെങ്കിലും ബ്രാന്‍ഡിംഗിലും ഡിസൈനിലും ഈ രണ്ട് ഫോണുകളും വ്യത്യസ്തത പുലര്‍ത്തുന്നു. 90Hz റിഫ്രഷ് റേറ്റും 1080 x 2460 പിക്സല്‍ റെസലൂഷനും ഉള്ള ഇവയ്ക്ക് 6.79 ഇഞ്ച് IPS LCD ഡിസ്പ്ലേയാണുള്ളത്. ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവും ഇവ രണ്ടിലുമുണ്ട്. 8 എംപിയാണ് ഫ്രണ്ട് ക്യാമറ. എച്ച്ഡി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പര്യാപ്തമായവയാണ് ഇവ. 8ജിബി റാമും 256 ജിബി സ്റ്റോറേജ് സംവിധാനവും ഈ ഫോണുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫിംഗര്‍ പ്രിന്റ് സ്കാനറും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡ്-13ല്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് 5000mAh ബാറ്ററി പവറുമുണ്ട്.
ഇൻഫിനിക്സ് ഹോട്ട് 30 5ജി (Infinix Hot 30 5G – 12,499 രൂപ)
വലിയ ഡിസ്പ്ലേയും മികച്ച ബാറ്ററി ബാക്കപ്പുമുള്ള സ്റ്റൈലിഷ് സ്മാര്‍ട്ട് ഫോണാണ് ഇൻഫിനിക്സ് ഹോട്ട് 30. 1080 x 2460 പിക്സല്‍ റെസല്യൂഷനുള്ള 6.78 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയും 8 എംപി സെല്‍ഫി ക്യാമറയ്ക്കുള്ള വാട്ടര്‍ഡ്രോപ്പ് നോച്ചും ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നു. 50 എംപി പ്രൈമറി ഷൂട്ടറും 0.08 എംപി ഡെപ്ത്ത് സെന്‍സറും ഉള്ള ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഫോണിന് പിന്നിലുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്. കൂടാതെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ സംവിധാനവും ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സാസംങ് ഗ്യാലക്സി എം13 5ജി (Samsung Galaxy M13 5G – 13,999 രൂപ)
ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് സാസംങ് ഗ്യാലക്സി എം13. വളരെ സ്മൂത്തായ ഡിസ്പ്ലേയും ക്യാമറയുമാണ് ഈ ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 1080x 2408 പിക്സല്‍ റെസലൂഷനുമുള്ള 6.6 ഇഞ്ച് PLS LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. 50എംപി മെയിന്‍ സെന്‍സറും, 5 എംപി അള്‍ട്രാവൈഡ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ സംവിധാമാണ് ഫോണിലുള്ളത്. 8 എംപിയുടെ ഫ്രണ്ട് ക്യാമറയുമുണ്ട്. എച്ച്ഡി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇവ സഹായിക്കുന്നു. 6000mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്.
വിവോ T2x (Vivo T2x – 13,999 രൂപ)
1080 x 2408 പിക്സല്‍ റെസല്യൂഷനോടു കൂടിയ 6.58 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയോടെ പുറത്തിറക്കിയിരിക്കുന്ന ഫോണാണ് വിവോ T2x. 50 എംപി പ്രൈമറി ഷൂട്ടറും 2 എംപി ഡെപ്ത്ത് ലെന്‍സും അടങ്ങിയ ഡ്യുവല്‍ ക്യാമറ സംവിധാനവും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഫ്രണ്ട് ക്യാമറ 8 എംപിയാണ്. 5000mAh ബാറ്ററി പവറാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.