കേരളത്തിന് വൻ പ്രതീക്ഷ നൽകി ക്രൂസ് ടൂറിസം. സംസ്ഥാനം വിവിധ തരം ടൂറിസം തേടി പോകുമ്പോൾ വ്യത്യസ്ഥമായ ആശയമാണ് കേരളത്തിനായി കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ, കൊച്ചിയിൽ ക്രൂസ് കപ്പലുകൾ എത്തുന്നുണ്ട്. ഈ സാധ്യത പരിഗണിച്ചാണ് ക്രൂസ് ടൂറിസം എന്ന ആശയവും ഉടലെടുത്തത്. ക്രൂസ് ടൂറിസത്തിൽ ക്രൂസ് ഷിപ്പിൽ ഒരു ചെറിയ വീട് തന്നെയാണ് ഓരോ യാത്രികനും ലഭിക്കുക. അടുക്കളയും ഡൈനിംഗ് ഹാളും ശുചിമുറിയും ബെഡ്റൂമും പ്രത്യേകം ലഭിക്കും. കൂടാതെ, ഈ മേഖലയിൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരളത്തിന് കയർ, റബർ, നാളികേര, സ്പൈസസ് ബോർഡുകളും, ആയുഷ് തുടങ്ങിയവയുടെ സ്റ്റാളുകളും ആരംഭിക്കാവുന്നതാണ്.
ലോക പ്രശസ്ത ആഡംബര കപ്പലുകളായ മിനർവ, ക്വീൻ എലിസബത്ത് 2, സോംഗ് ഓഫ് ഫ്ലവർ തുടങ്ങിയവയെല്ലാം കൊച്ചിയിലെ എത്തുന്നുണ്ട്. അതേസമയം, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്ന വേളയിൽ ക്രൂസ് ടൂറിസം ഹബ്ബ് സ്ഥാപിക്കാൻ സംസ്ഥാന തുറമുഖ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തുറമുഖത്ത് സാഗരിക ക്രൂസ് ടെർമിനൽ എന്ന പേരിൽ 13.76 ഏക്കർ സ്ഥലത്ത് പദ്ധതികളും തയ്യാറാക്കുന്നതാണ്. വരും വർഷങ്ങളിൽ കൊച്ചിയേക്കാൾ ഏറെ സാധ്യത വിഴിഞ്ഞത്തിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.