വളരെ അവിചാരിതമായാണ് ജിതിന്‍ വിജയ് എന്ന കൊച്ചിക്കാരന്‍ ആദ്യമായി സ്‌കൈ ഡൈവിങ് നടത്തിയത്. എന്നാലിപ്പോൾ 43,000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്ന് സ്‌കൈ ഡൈവിങ് നടത്തിയതുള്‍പ്പടെ രണ്ട് ലോക റെക്കോഡുകളാണ് മുന്‍ ദുബായ് പ്രവാസി കൂടിയായ ജിതിന്റെ പേരിലുള്ളത്.
സ്‌പോര്‍ട്‌സില്‍ ഏറെ താത്പര്യമുള്ള ജിതിന്‍ പാകൗ, കുതിരയോട്ടം, ഐസ് സ്‌കേറ്റിങ് മുതലായ കായിക ഇനങ്ങളില്‍ ഒരു കൈ നോക്കിക്കഴിഞ്ഞു. ഒരു വര്‍ഷം മുമ്പാണ് സ്‌കൈഡൈവിങ്ങിലേക്ക് കടന്നത്. ”ഈ വര്‍ഷം എനിക്ക് എവറസ്റ്റ് കൊടുമുടി കയറണം. കഴിഞ്ഞ വര്‍ഷം ഞാന്‍ ബേസ് കാംപ് വരെ എത്തിയിരുന്നു” ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ പറഞ്ഞു. ”എന്റെ സുരക്ഷ സംബന്ധിച്ച് ഭാര്യക്ക് ചെറിയ ആശങ്കയുണ്ട്. അതിനാല്‍ സ്‌കൈഡൈവിങ് ചെയ്‌തോട്ടെയെന്ന് ഞാന്‍ ചോദിക്കുകയായിരുന്നു. അവള്‍ അത് സമ്മതിച്ചു”, ജിതില്‍ പറഞ്ഞു.
Also read-ബഹിരാകാശത്ത് വെച്ച് ഒരാള്‍ മരിച്ചാല്‍ എന്ത് ചെയ്യും? മൃതദേഹം ഭൂമിയില്‍ എത്തിക്കുമോ?
ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിതിന്‍ സ്‌പെയിനില്‍ നിന്നാണ് സ്‌കൈ ഡൈവിങ് നടത്തുന്നതിനുള്ള എ ഗ്രേഡ് ലൈസന്‍സ് നേടിയത്. തുടര്‍ന്ന് ദുബായിലെത്തി പരിശീലനം നടത്തി. ഇപ്പോഴാണ് ജീവിതത്തിന് അർത്ഥം കൈവന്നതുപോലെ തോന്നിയതെന്ന് തോന്നിയതെന്ന് ജിതിന്‍ പറയുന്നു.
”2016-17 കാലഘട്ടത്തില്‍ ദുബായില്‍ താമസിക്കുമ്പോള്‍ സ്‌കൈഡൈവിങ്ങായിരുന്നില്ല എന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. അതിന്റ ചെലവ് താങ്ങാന്‍ കഴിയുമായിരുന്നില്ല. സ്‌കൈഡൈവിങ്ങിനുള്ള ലൈസന്‍സ് നേടിയ ശേഷം ഇവിടെയെത്തി ഒരു ദിവസം ഒന്നിലേറെത്തവണയാണ് ചാട്ടം നടത്താറുള്ളത്. ഇത് വളരെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്”, ജിതിൻ കൂട്ടിച്ചേർത്തു. ഇതുവരെ 200-ലേറെ സ്‌കൈഡൈവിങ് ജിതിന്‍ നടത്തിക്കഴിഞ്ഞു.
കഴിഞ്ഞമാസം 43,000 അടി ഉയരത്തില്‍ നിന്ന് ചാടി രണ്ട് ഗിന്നസ് ലോക റെക്കോഡാണ് ജിതിന്‍ നേടിയത്. രണ്ട് മിനിറ്റും 47 സെക്കന്‍ഡും എടുത്ത് പൂര്‍ത്തിയാക്കിയ ചാട്ടം ഏറ്റവും നീളമേറിയ ഫ്രീഫാൾ (longest freefall) ആയിരുന്നു. രണ്ടാമത്തെ റെക്കോഡാകട്ടെ ദേശീയപതാകയേന്തി ഏറ്റവും ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് നടത്തിയതിനും. ”അത് കഠിനമായിരുന്നു, എന്നാല്‍ അത് നേടാന്‍ കഴിഞ്ഞുവെന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു”, ജിതിന്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യമാണ് യുഎസിലെ ടെന്നസിയിലുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ജിതിന്‍ കണ്ടുമുട്ടുന്നത്. ”43,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് നടത്തുന്നതിനുള്ള സംവിധാനം ഏകോപിപ്പിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമത്തെ തവണയാണ് അദ്ദേഹം ഇത് നടത്തിയത്. ആദ്യ തവണത്തെ ചാട്ടം പരാജയമായിരുന്നു. ഒരാള്‍ മരിച്ചു. എന്നാല്‍ രണ്ടാമത്തെ തവണ അത് വിജയമായിരുന്നു. അഞ്ച് പേര്‍ സ്‌കൈഡൈവിങ് വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നാമത്തെ ചാട്ടത്തിലാണ് ഞാന്‍ പങ്കാളിയായത്. തന്റെ കൂടെ ചേരാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. കുറച്ച് ദിവസത്തെ ആലോചനയ്ക്ക് ശേഷം ഞാന്‍ സമ്മതിച്ചു”, ജിതിന്‍ പറഞ്ഞു. 2023 ജൂലായ് ഒന്നിനായിരുന്നു ഈ സ്‌കൈഡൈവിങ് നടത്തിയത്. എന്നാല്‍, ഇതിനെക്കുറിച്ച് ജിതിന്‍ തന്റെ കുടുംബാംഗങ്ങളോട് പോലും പറഞ്ഞില്ല. അവര്‍ വിഷമിക്കേണ്ടെന്ന് കരുതിയാണ് ഇക്കാര്യം പറയാതിരുന്നതെന്ന് ജിതിന്‍ പറഞ്ഞു.
യുകെയിലുള്ള സ്‌കൈഡൈവിങ്ങിലെ തന്റെ പങ്കാളിയായ നിമേഷിനോട് മാത്രം ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. യുഎസില്‍ വെച്ച് സ്‌കൈഡൈവ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മാത്രം പറഞ്ഞു. എന്നാല്‍ നിമേഷ് അവിടെയെത്തുകയും ജിതിനെ കാണുകയും ചെയ്തു. പേടിച്ചുപോയ നിമേഷ് ജിതില്‍ സ്‌കൈഡൈവിങ് പൂര്‍ത്തിയാക്കുന്നത് വരെ അവിടെ തുടരുകയായിരുന്നു.
സമഗ്രമായ ആസൂത്രണം
സ്‌കൈഡൈവിങ്ങിന് സമഗ്രമായ ആസൂത്രണം ആവശ്യമാണെന്ന് ജിതിന്‍ പറഞ്ഞു. ആദ്യം ഒരു പരീക്ഷണചാട്ടം നടത്തും. അത് 15,000 അടി മുകളില്‍ നിന്നായിരിക്കും. ഓക്‌സിജന്‍ അടക്കം കരുതിയായിരിക്കും ഇത് നടത്തുക. ”ശരിക്കുള്ള ചാട്ടം നടത്തിയപ്പോള്‍ ഒന്നരമണിക്കൂര്‍ മുമ്പ് ഞങ്ങള്‍ ഓക്‌സിജന്‍ ശ്വസിച്ചു. വിമാനത്തില്‍ കയറിയതിന് ശേഷം ശ്വാസം മുട്ടല്‍ അനുഭവിച്ചതായി ജിതിന്‍ പറഞ്ഞു. ചാടുന്നതിന് രണ്ട് മിനിറ്റ് മുമ്പ് കണ്ണട ധരിച്ചു. അല്ലെങ്കില്‍ മുഖം തണുത്തുമരവിച്ച് പോകുമെന്നതിനാല്‍ ചാട്ടം സാധ്യമാകുമായിരുന്നില്ല”, ജിതിന്‍ പറഞ്ഞു.
”കയ്യില്‍ കരുതുന്ന ഓക്‌സിജന്‍ ടാങ്കില്‍ 11 മിനിറ്റ് നേരത്തെ ഓക്‌സിജന്‍ മാത്രമാണുണ്ടാകുക. കരുതിയതിനും കുറച്ച് നേരത്തെയെങ്കിലും പാരച്യൂട്ട് തുറന്നാല്‍ ഗ്രൗണ്ടിലെത്തുന്നതിനുള്ള ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരും”, ജിതിൻ കൂട്ടിച്ചേർത്തു
ചാട്ടത്തിനിടെ തനിക്ക് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ജിതില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ദേശീയ പതാകയുമായാണ് ജിതിന്‍ ചാടിയത്. ഇത് നെഞ്ചില്‍ രക്തം കട്ടപിടിക്കാന്‍ കാരണമായി. കൂടാതെ വാരിയെല്ലുകളില്‍ വേദനയുമുണ്ടായിരുന്നു. ഹെല്‍മറ്റിനും സ്യൂട്ടിനുമിടയില്‍ ചെറിയൊരു വിടവ് ഉണ്ടായിരുന്നതിനാല്‍ ഇതിനിടയില്‍ വായുനിറഞ്ഞു. ഇത് കാരണം, രണ്ട് ദിവസം ശബ്ദം നഷ്ടപ്പെട്ടു.
യുഎഇ കുടുംബം പോലെ
യുഎഇ തനിക്ക് കുടുംബം പോലെയാണെന്ന് ജിതിന്‍ പറയുന്നു. ”മാസത്തില്‍ ഒരിക്കല്‍ എങ്കിലും സ്‌കൈഡൈവിങ് നടത്തണം. എല്ലെങ്കില്‍ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. പരിശീലനം നടത്തുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമാണിത്. മികച്ച സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നതിന് പുറമെ കേരളത്തില്‍ നന്ന് നാലുമണിക്കൂര്‍ യാത്ര കൊണ്ട് ഇവിടെയെത്തിച്ചേരാന്‍ കഴിയും”, ജിതിന്‍ പറഞ്ഞു. ദൂബായിലും അബുദാബിയിലുമാണ് പരിശീലനം നടത്തുന്നത്. അബുദാബിയിലുള്ളവര്‍ തന്നെ കുടുംബാംഗത്തെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.