ട്വിറ്ററില്‍ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ‘ബോളിവുഡിലെ ഏകാന്ത മരണങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കലാസംവിധായകന്‍ നിധിന്‍ ദേശായി ജീവനൊടുക്കിയത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെയാണ് വിവേക് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
“നിങ്ങള്‍ എത്ര വിജയിച്ചാലും അവസാനം പരാജിതനായി മാറുന്ന ലോകമാണിത്. അവസാനം നിങ്ങള്‍ക്ക് ചുറ്റും എല്ലാമുണ്ടാകും. പക്ഷേ, നിങ്ങള്‍ക്കായി, നിങ്ങളുണ്ടാക്കിയതൊന്നും നിങ്ങളോടൊപ്പമുണ്ടാകില്ല. എല്ലാം വളരെ വേഗം വരും, പേര്, പ്രശസ്തി, പ്രതാപം, പണം, ആരാധകര്‍, പാദസേവകര്‍, മാധ്യമങ്ങളുടെ കവറേജ്, റിബ്ബണുകള്‍, സ്ത്രീകള്‍, ബന്ധങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് വന്നുചേരും. എല്ലാം നിങ്ങളുടെ വിജയവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതാണ്. കൊലപാതകം, ഭീകരവാദം, ലൈംഗികപീഡനങ്ങള്‍, മദ്യപിച്ചുള്ള വാഹനമോടിക്കല്‍ എന്നിവയില്‍ നിന്നൊക്കെ നിങ്ങള്‍ക്ക് രക്ഷപ്പെടാം. ഒരിക്കല്‍ പണം വന്നു കഴിഞ്ഞാൽ പിന്നാലെ ഇതെല്ലാം വന്നുചേരും. നിങ്ങള്‍ ഇതിന്റെയെല്ലാം ഇടയില്‍ ആയിരിക്കും. ഈ പണമെല്ലാം എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയാതെ വരും. നിങ്ങള്‍ വലിയ നിക്ഷേപങ്ങള്‍ നടത്തും. നിങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ അങ്ങനെ ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും. എന്നാല്‍, ഈ വൃത്തികെട്ട ലോകത്തില്‍ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ആരും നിങ്ങളോട് പറഞ്ഞുതരില്ല” അദ്ദേഹം കുറിച്ചു.
Also read-‘ബ്രോ: ദി അവതാര്‍’: ബോക്സ് ഓഫീസ് കളക്ഷൻ തെറ്റ്; പണം വരുന്നത് അമേരിക്കയിൽ നിന്നെന്ന് ആരോപണവുമായി മന്ത്രി
പുതിയ തലമുറ കടന്നുവരുമ്പോള്‍ ബോളിവുഡിലെ ഒരു നടന്റെ സൂപ്പര്‍താരപദവി എങ്ങനെയാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചു. നിങ്ങള്‍ അപ്രസക്തനാകാന്‍ തുടങ്ങുന്നു. എന്നാല്‍, പ്രശസ്തി, പണം എന്നിവയോടുള്ള നിങ്ങളുടെ ആസക്തി അത് ആവശ്യപ്പെടാന്‍ നിര്‍ബന്ധിക്കുന്നു. നിങ്ങള്‍ എത്രകണ്ട് ആവശ്യപ്പെടുന്നുവോ അത് കണ്ട് നിങ്ങള്‍ ഒറ്റപ്പെട്ട് പോകുന്നു. ഒരു ഇരുണ്ട കുഴലില്‍ നിങ്ങള്‍ ഒറ്റയ്ക്ക് വീണുപോകുന്നു. ആ കുഴലില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മാത്രമേ അറിയൂ. നിങ്ങള്‍ക്ക് സംസാരിക്കണമെന്നുണ്ട്, പക്ഷേ ആരും അപ്പോള്‍ അതിന് തയ്യാറായെന്ന് വരില്ല. നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കും. എന്നാല്‍, നിങ്ങൾക്ക് നിങ്ങളെ തന്നെ എങ്ങനെ ശ്രവിക്കണമെന്നുപോലും അപ്പോൾ അറിയണമെന്നില്ല” അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
”നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായി ഒന്നുമുണ്ടാകില്ല. കുടുംബം, സുഹൃത്തുക്കള്‍, മൂല്യങ്ങള്‍, ധാര്‍മികത, സന്മാര്‍ഗം, ദയ, നന്ദി എന്നിവയിലൊന്നും നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടാകില്ല. അതിനാല്‍, നിങ്ങള്‍ക്ക് ഒന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് ഒന്നുമില്ലാതാകുമ്പോള്‍ പണവും പ്രശസ്തിയും നഷ്ടമാകും. നിങ്ങള്‍ നിങ്ങളില്‍ മാത്രമായിരിക്കും നിക്ഷേപം നടത്തിയിട്ടുണ്ടാകുക. അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രമാകും ഉണ്ടാകുക. ഏറ്റവും വൃത്തികെട്ട അവസ്ഥ. എന്നാല്‍, മേക്കപ്പില്ലാതെയും ആരാധകര്‍ ഇല്ലാതെയും നിങ്ങള്‍ക്ക് നിങ്ങളെ ഇഷ്ടമായെന്ന് വരില്ല. നിങ്ങള്‍ക്ക് മുകളിലായി, സീലിങ്ങില്‍ ഒരു ഫാന്‍ മാത്രമാണ് അവശേഷിക്കുന്നത്. നിങ്ങളുടെ ഏകാന്തതയും ദുരിതജീവിതവും അവസാനിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഏക ‘ഫാന്‍’ (ആരാധകന്‍) ഈ ഫാന്‍ മാത്രമായിരിക്കും. ചിലര്‍ അതിൽ ജീവിതമവസാനിപ്പിക്കുന്നു” അദ്ദേഹം കുറിപ്പിൽ പറഞ്ഞു നിർത്തി.
Also read-Mammootty | ദേ മമ്മൂക്ക പിന്നേം ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്ക്
കശ്മീർ ഫയൽസ്, ദ തഷ്കന്റ് ഫയൽസ് എന്നിവയുടെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ദ വാക്സിൻ വാർ ആണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്ന അടുത്ത സിനിമ. പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായിയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് വിവേക് അഗ്നിഹോത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. ആമിർ ഖാൻ നായകനായ പ്രശസ്ത ബോളിവുഡ് ചിത്രം ‘ലഗാൻ’ ഉൾപ്പെടെ നിരവധി സിനിമകൾക്ക് നിതിൻ ദേശായ് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ബാജിറാവ് മസ്താനി, ലഗാൻ , ദേവദാസ് തുടങ്ങി ഒട്ടേറെ വമ്പൻ സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയായിരുന്നു അദ്ദേഹം.