കേരളത്തിന് പുറത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ഇനി സീറ്റ് ബുക്ക് ചെയ്യാം, ക്ലിയർ ട്രിപ്പ് സേവനം ഉടൻ


കെഎസ്ആർടിസി ബസുകളിൽ ഇനി സീറ്റുകൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. കെഎസ്ആർടിസിയും, ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയര്‍ ട്രിപ്പും ധാരണയിൽ എത്തിയതോടെയാണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, കേരളത്തിന് പുറത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലും ക്ലിയർ ട്രിപ്പിന്റെ സേവനം ലഭിക്കുന്നതാണ്. കേരളത്തിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, കെഎസ്ആർടിസി ബസുകളുടെ അന്തർസംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

യാത്രക്കാർക്ക് 24 മണിക്കൂറും ബുക്കിംഗ് സേവനം ലഭ്യമാണ്. ഓരോ ബസ് ബുക്കിംഗിനും സൂപ്പർ കോയിനുകൾ ലഭിക്കുന്നതാണ്. യാത്രക്കാർക്ക് ബുക്കിംഗുകൾ സ്വയം റദ്ദ് ചെയ്യാനുള്ള അവസരവും ഉണ്ട്. ബുക്കിംഗിന് പ്രത്യേക ചാർജ് ഈടാക്കുന്നതല്ല. ബുക്കിംഗുകൾ റദ്ദ് ചെയ്യുകയാണെങ്കിൽ, തുക തിരികെ നൽകും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയർ ട്രിപ്പിന് രാജ്യത്തുടനീളം വൻ ശൃംഖല തന്നെയാണ് ഉള്ളത്. ഫ്ലിപ്കാർട്ടിന്റെ ഉപസ്ഥാപനമായ ക്ലിയര്‍ ട്രിപ്പ് ഈ വർഷം ആദ്യമാണ് പ്രവർത്തനം ആരംഭിച്ചത്.