കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു; അച്ഛന്റെ വഴിയേ മകനുമെന്ന് സോഷ്യല്‍ മീഡിയ


കനേഡിയന്‍ പ്രധാനമന്ത്രി (Canadian Prime Minister) ജസ്റ്റിന്‍ ട്രൂഡോയും (Justin Trudeau) ഭാര്യ സോഫിയയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരുടെയും വേര്‍പിരിയല്‍. ഈയടുത്തായി ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും കുറവായിരുന്നു.

2005 മെയിലാണ് ജസ്റ്റിന്‍ ട്രൂഡോയും സോഫി ഗ്രിഗര്‍ ട്രൂഡോയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. 2020ലെ വിവാഹ വാര്‍ഷിക ദിനത്തില്‍ ട്രൂഡോ തന്റെ ഭാര്യ തന്റെ ഉറ്റസുഹൃത്താണെന്നും തന്റെ ഏറ്റവും വലിയ പിന്തുണ ഭാര്യയാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തയെത്തിയത്.

” സോഫിയും ഞാനും ആഴത്തില്‍ ചര്‍ച്ച ചെയ്തു. ഞങ്ങള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചു,” എന്നാണ് ട്രൂഡോ ഇന്‍സ്റ്റഗ്രാമിലെഴുതിയത്. സമാനമായി സോഫിയും ഇതേകാര്യം അവരുടെ ഇന്‍സ്റ്റഗ്രാം പേജിൽ കുറിച്ചിട്ടുണ്ട്.

Also read: സൂചിയ്ക്ക് അഞ്ച് കേസുകളില്‍ മാപ്പ് നൽകി മ്യാന്‍മര്‍; ആരാണ് ഓങ് സാൻ സൂചി?

2015ല്‍ അധികാരമേറ്റതിന് പിന്നാലെ നിരവധി വെല്ലുവിളികളാണ് ട്രൂഡോയ്ക്ക് നേരിടേണ്ടി വന്നത്. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയ്ക്ക് മേല്‍കൈ ലഭിക്കാന്‍ അദ്ദേഹം ക്യാബിനറ്റില്‍ കാര്യമായ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതിനിടെയാണ് വിവാഹമോചന വാര്‍ത്തകളെത്തുന്നത്. ജനപ്രീതിയില്‍ പിന്നിലാണെങ്കിലും 2025 ഒക്ടോബറില്‍ നടക്കാനാരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാണ് ട്രൂഡോയുടെ തീരുമാനം.

അതേസമയം ട്രൂഡോയുടെ വിവാഹമോചന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. വിവാഹ മോചനം കുട്ടികളെയാണ് ബാധിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.

ട്രൂഡോയുടെ പിതാവും മുന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുമായിരുന്നു പിയറി ട്രൂഡോയും വിവാഹമോചിതനാണ്. അദ്ദേഹവും അധികാരത്തിലിരുന്ന കാലത്താണ് ഭാര്യ മാര്‍ഗരറ്റുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. 1977ലായിരുന്നു ഇത്. പിതാവിന്റെ വഴിയെയാണ് ട്രൂഡോയും എന്നായിരുന്നു ചിലരുടെ കമന്റ്.

വിവാഹമോചന വാര്‍ത്ത് ട്രൂഡോ തന്നെ ജനങ്ങളെ അറിയിക്കുമെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിവാഹ മോചന കരാറില്‍ ഇരുവരും ഒപ്പിട്ടതായി ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. കുട്ടികളെ വളര്‍ത്തുന്നതിലാകും ഇനി ഇരുവരുടെയും ശ്രദ്ധ. കൂടാതെ ഒട്ടാവയിലെ തന്നെ മറ്റൊരു വസതിയിലേക്ക് സോഫി ട്രൂഡോ മാറാനിരിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റൈഡോ കോട്ടേജില്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാകും പുതിയ സ്ഥലത്തേക്ക് മാറുകയെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തില്‍ ഇരുവര്‍ക്കും തുല്യ ഉത്തരവാദിത്തമായിരിക്കുമെന്നും ചില അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Summary: Justin Trudeau and wife Sophie are parting ways 18 years after wedding, claims reports. Married in 2005, the couple are parents to three kids. Back in 2020, Trudeau called wife his best firend and this decision comes as a shocker to many