സംസ്ഥാനത്ത് ഓണം ഖാദി മേളകൾക്ക് തുടക്കമായി, ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ


സംസ്ഥാനത്തുടനീളം ഓണം ഖാദി മേളകൾക്ക് തിരിതെളിഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും, ഖാദി സ്ഥാപനങ്ങളും ചേർന്ന് സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ മാറ്റങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തവണ പുതുതലമുറ ഖാദി വസ്ത്രങ്ങളാണ് വിപണിയിൽ ഇടം നേടിയിരിക്കുന്നത്. ഓണം ഖാദി മേളയോട് അനുബന്ധിച്ച് 80 കോടി രൂപയുടെ വിറ്റുവരവാണ് ഖാദി ബോർഡ് ലക്ഷ്യമിടുന്നത്.

ഇക്കുറി ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയാണ് റിബേറ്റ് ഒരുക്കിയിട്ടുള്ളത്. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. ഓണം ഖാദി മേളയോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കൈ നിറയെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. ഖാദി മേളയിൽ ഒന്നാം സമ്മാനമായി നൽകുന്നത് ടാറ്റ ടിയാഗോ ഇലക്ട്രിക് കാറാണ്. രണ്ടാം സമ്മാനമായി ഒല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു പവൻ സ്വർണം വീതവും നൽകും.

ഖാദി വസ്ത്രങ്ങൾ അടിമുടി മാറിയതോടെ വിദേശ വിപണിയിലും ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ, ദുബായ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഖാദി വസ്ത്രങ്ങൾ കയറ്റുമതി ചെയ്യാനുള്ള പ്രാരംഭ ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ, പുതുതലമുറ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫാഷൻ ഷോ സംഘടിപ്പിക്കാനും ഖാദി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 22ന് എറണാകുളത്ത് വച്ചാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്.