രാജ്യത്തെ ആദ്യത്തെ ഡബിൾ ‍ഡക്കർ കാർഗോ-പാസഞ്ചർ കോച്ച് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ


രാജ്യത്തെ ആദ്യത്തെ ഡബിൾ ‍ഡക്കർ കാർഗോ-പാസഞ്ചർ കോച്ച് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയാണ് (Rail Coach Factory (RCF)) ഈ കോച്ച് രൂപകൽപന ചെയ്തിരിക്കുന്നത്. ബെല്ലി ഫ്രെയ്റ്റ് മാതൃകയിലാണ് (belly freight concept) നിർമാണം. ഈ കോച്ചിന്റെ എക്‌സിക്യൂട്ടീവ് അപ്പർ ഡെക്കിൽ 46 സീറ്റുകൾ ഉണ്ടായിരിക്കും. അതിൽ പാചകപ്പുരയും ടോയ്‌ലറ്റുകളും ഉണ്ടായിരിക്കുമെന്നും താഴത്തെ ഡെക്കിന് ആറ് ടൺ വരെ ചരക്ക് വഹിക്കാൻ ശേഷിയുണ്ടാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.കോവിഡ് സമയത്ത് യാത്രക്കാരുടെ സഞ്ചാരം കുറഞ്ഞപ്പോൾ പ്രധാനമായും ചരക്ക് ഗതാഗതത്തിൽ നിന്നാണ് റെയിൽവേയ്ക്ക് വരുമാനം ലഭിച്ചിരുന്നത്. ”ഞങ്ങൾ മൂന്നോളം ഡിസൈനുകൾ ഉണ്ടാക്കിയിരുന്നു, എന്നാൽ റെയിൽവേ ബോർഡ് ഇപ്പോഴത്തെ ഡിസൈനാണ് അംഗീകരിച്ചത്”, ആർ‌സി‌എഫിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

”അന്തിമ വില ഞങ്ങൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ ഓരോ കോച്ചിനും 2.70 മുതൽ 3 കോടി രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്”, എന്നും അദ്ദേഹം വെളിപ്പെടുത്തി.”ചരക്ക് ഗതാഗതത്തിനായി വിമാനങ്ങളിൽ ബെല്ലി ഫ്രെയ്റ്റ് കൺസപ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. യാത്രാ വിമാനത്തിന്റെ താഴത്തെ ഡെക്കിലാണ് സാധനങ്ങൾ കൊണ്ടുപോകുന്നത്. യാത്രക്കാർ മുകളിലത്തെ ഡെക്കിലാകും ഇരിക്കുക. ഒരു വിമാനത്തിൽ ലഭ്യമായ സ്ഥലത്തെ പരമാവധി ഉപയോ​ഗപ്പെടുത്താൻ കൂടിയാണ് ഈ സംവിധാനം ഉപയോ​ഗിക്കുന്നത്. റെയിൽവേക്കു വേണ്ടിയുള്ള ഈ ഡബിൾ ഡെക്കർ കോച്ചിന്റെ രൂപകൽപനയിൽ ഞങ്ങൾ ഈ ആശയം ആണ് ഉപയോഗപ്പെടുത്തിയത്”, ആർ‌സി‌എഫ് ഉ​ദ്യോ​ഗസ്ഥൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കാർഗോ ലൈനർ മിക്കവാറും ഓഗസ്റ്റിലാകും പുറത്തിറങ്ങുക എന്ന് കപൂർത്തല ആർസിഎഫ് ജനറൽ മാനേജർ അഷേഷ് അഗർവാൾ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. താഴത്തെ ഡെക്കിൽ ആറ് ടൺ ചരക്ക് കൊണ്ടുപോകാൻ സാധിക്കുമെന്നും മുകളിൽ 46 യാത്രക്കാർക്ക് ഇരിക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഇത് ഒരു പ്രത്യേക രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പൂർണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും ഈ കോച്ച്. അടുത്ത മാസത്തോടെ പ്രോട്ടോടൈപ്പ് കോച്ച് തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, തുടർന്ന് ഇത് റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിലേക്ക് (Research Designs and Standards Organization (RDSO)) ട്രയലിനായി അയയ്ക്കും. ട്രയൽ വിജയിച്ചുകഴിഞ്ഞാൽ, കാർഗോ ലൈനറുകൾ എന്ന ആശയത്തിലൂന്നി ഞങ്ങൾ കൂടുതൽ കോച്ചുകൾ നിർമിക്കുകയും പുറത്തിറക്കുകയും ചെയ്യും”, അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കോച്ചുകളുടെ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാൽ, സമാനമായ 20 കോച്ചുകളുള്ള രണ്ട് ട്രെയിനുകൾ റെയിൽവേയുടെ നിർദേശത്തിന് അനുസരിച്ച് നിർമിക്കുമെന്നും ആർസിഎഫ് വൃത്തങ്ങൾ അറിയിച്ചു. കാർഗോ ലൈനറുകൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാകും ഈ ട്രെയിനുകൾ പുറത്തിറക്കുക.