തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം സമ്മാനിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമതി സമ്മാനിച്ചു. അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്ന് ബഹുമതി ഏറ്റുവാങ്ങി.
ഏറെ വികാരനിര്‍ഭരമായ രംഗങ്ങൾക്കാണ് ബിരുദദാന ചടങ്ങ് സാക്ഷിയായത്. ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പി കരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. ചികിത്സയ്ക്കായി പൊലീസ് എത്തിച്ച സന്ദീപ് ഡോ. വന്ദനയെ കുത്തുകയായിരുന്നു. ഉടൻതന്നെ വന്ദനയെ കൊട്ടാരക്കരയിലെയും പിന്നീട് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന്റെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.