കോട്ടയം: ഷംസീറിന്‍റെ ഗണപതി പരാമർശത്തിൽ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ കാണുന്നുള്ളൂവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാർ നിലപാടും ഇതേ രീതിയിൽ എങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും എൻ എസ് എസ് വ്യക്തമാക്കുന്നു.
”ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് നിയമസഭാ സ്പീക്കർ ഷംസീറിന്‍റെ തെറ്റായ പരാമർശങ്ങൾക്കെതിരെ എൻഎസ്എസ് പ്രതികരിച്ചിരുന്നു. നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. വിശ്വാസികളുടെ വികാരം പ്രണപ്പെടുത്തുംവിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം സംസ്ഥാന ഗവൺമെന്‍റ് സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്ന മൂന്ന് ആവശ്യങ്ങളാണ് എൻ എസ് എസ് ഉന്നയിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഈ വിഷത്തിൽ ഷംസീർ മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല, ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണ് എന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയിൽനിന്ന് ഉണ്ടായത്. പാർട്ടിസെക്രട്ടറിയുടെ അഭിപ്രായമായേ ഇതിനെ വിശ്വാസികൾ കാണുന്നുള്ളു”-എൻഎസ്എസ് പ്രസ്താവനയിൽ പറയുന്നു.
‘പ്രസ്തുത വിഷയത്തിൽ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല. ഇനിയും അറിയേണ്ടത് ഇക്കാര്യത്തിൽ ഗവൺമെന്‍റിന്‍റെ നിലപാടെന്താണ് എന്നതാണ്. ഗവൺമെന്‍റിന്‍റെ നിലപാടും ഇതേ രീതിയിലാണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധപരവും പ്രായോഗികവുമായ മറ്റ് മാർഗങ്ങൾ തേടേണ്ടതായിവരും’- എൻ എസ് എസ്പ്രസ്താവനയിൽ വ്യക്തമാക്കുന്നു.