അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്ഫോടന ശബ്ദം കേട്ട സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളില്‍ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. പുലര്‍ച്ചെ 12.30 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
അറസ്റ്റിലായ അഞ്ച് പ്രതികളും സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായി പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് സ്ഫോടനത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ഫോടനസമയത്ത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും സമീപത്തെ മുറിയില്‍ താമസിച്ചിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മൂവരെയും ചോദ്യം ചെയ്തു വരികയായിരുന്നു. ‘പുലര്‍ച്ചെ 12.15 – 12.30 മണിയോടെ വലിയ ശബ്ദം കേട്ടു. ഇത് മറ്റൊരു സ്ഫോടനമാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം പരിശോധിച്ചുവരികയാണ്, ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിന് പിന്നില്‍ നിന്ന് ചില ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുട്ടായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ‘ പോലീസ് കമ്മീഷണര്‍ നൗനിഹാല്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.