ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള ഓർമ്മകളും, അദ്ദേഹം നൽകിയ അറിവുകളും ഓർത്തെടുത്ത് ഇന്ത്യൻ ഇന്ത്യൻ റിസ്റ്റ്-സ്പിന്നർ കുൽദീപ് യാദവ്. കഴിഞ്ഞ വർഷം മാർച്ചിൽ വോൺ അന്തരിച്ചു എന്ന വാർത്ത കേട്ടപ്പോൾ തനിക്ക് ഏറ്റവുമടുത്ത ഒരാളെ നഷ്ടമായെന്ന് തോന്നിയതായി കുൽദീപ് പറഞ്ഞു.
മഹാനായ ആ കളിക്കാരനുമായി വർഷങ്ങൾ നീണ്ട സൗഹൃദം പങ്കുവയ്ക്കും മുൻപ് വോണിനെ ആദ്യമായി കണ്ടപ്പോൾ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയത് എങ്ങനെയെന്ന് കുൽദീപ് വെളിപ്പെടുത്തി. ഷെയ്ൻ വോണിന് കുൽദീപിനോട് ഒരു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു, പലപ്പോഴും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടന വേളയിൽ താരത്തിന് ഉപദേശങ്ങൾ നൽകാൻ മുൻപിട്ടിറങ്ങുകയും ചെയ്തിരുന്നു.
2019ൽ സിഡ്നിയിൽ കുൽദീപ് ആദ്യ ടെസ്റ്റ് കളിക്കാന് പോയപ്പോൾ എല്ലാ ദിവസവും ഷെയ്ൻ വോൺ രാവിലെ താരത്തെ കാണാൻ എത്തുകയും, ബൗളിംഗ് ആക്ഷനിൽ സഹായിക്കുകയും ചെയ്തിരുന്നു. തുടർന്ന് മത്സരത്തിൽ തന്റെ അഞ്ച് വിക്കറ്റ് പ്രകടനം ഷെയ്ൻ വോണിന് സമർപ്പിക്കാനും കുൽദീപ് മറന്നിരുന്നില്ല. എന്നാൽ തന്റെ ഈ പ്രവൃത്തി വോണിനെ വികാരാധീനനാക്കിയെന്ന് കുൽദീപ് വെളിപ്പെടുത്തി.
“അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി. ശരിക്കും ഞാൻ കരയുകയായിരുന്നു. എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളുടെ മരണം പോലെ അത് തോന്നി. ഞാൻ അദ്ദേഹവുമായി എപ്പോഴും ബന്ധം നിലനിർത്തിയിരുന്നു. മരിക്കുന്നതിന് 10 ദിവസം മുമ്പ് വരെ ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു.” ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് യൂട്യൂബ് ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ കുൽദീപ് പറഞ്ഞു.
‘കളത്തിൽ എപ്പോഴും സന്തോഷവാനായിരിക്കുക’
ഷെയ്ൻ വോണിനെപ്പോലെ ഒരാൾ തന്റെ വളർച്ചയിൽ അതീവ താൽപര്യം കാണിക്കുകയും, തന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്ക ഘട്ടങ്ങളിൽ തന്നെ സഹായിക്കുകയും ചെയ്തതിൽ വളരെ അഭിമാനമുണ്ടെന്ന് ഇടങ്കയ്യൻ സ്പിന്നർ പറഞ്ഞു. മുൻപ് ഷെയ്ൻ വോൺ കമന്ററി നടത്തുമ്പോൾ പോലും, ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർമാരിൽ ഒരാളായ കുൽദീപ് യാദവിനെക്കുറിച്ച് വളരെയേറെ സംസാരിച്ചിരുന്നു.
“ഓസ്ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം എന്നെ വളരെയധികം സഹായിച്ചു. മത്സരത്തിന് മുമ്പ് ഞാൻ അൽപ്പം പരിഭ്രാന്തനായിരുന്നു. രാവിലെ ഞാൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘നിങ്ങൾ എങ്ങനെയാണ് ബൗൾ ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങൾ ഗ്രൗണ്ടിൽ സന്തോഷവാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പവലിയനിൽ നിന്ന് ഞാൻ നിങ്ങളെ നിരീക്ഷിക്കും. നിങ്ങൾ എങ്ങനെ ബൗൾ ചെയ്യുന്നു എന്നത് പ്രശ്നമല്ല, പുഞ്ചിരിയോടെ ചെയ്താൽ മതി” കുൽദീപ് ഓർത്തെടുത്തു.
“അപ്പോൾ, ഞാൻ ഇത് ഓർത്തു കൊണ്ടിരുന്നു. ഗ്രൗണ്ടിൽ അതേ കാര്യം ചെയ്യുകയായിരുന്നു ഞാൻ. ആ മത്സരത്തിൽ എനിക്ക് ഒട്ടും സമ്മർദ്ദം അനുഭവപ്പെട്ടിരുന്നില്ല. ഞാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അത് അദ്ദേഹത്തിന് സമർപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ ഉണ്ടായിരുന്നു. അദ്ദേഹത്തിനത് വിശ്വസിക്കാനായില്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു” കുൽദീപ് കൂട്ടിച്ചേർത്തു.