മലപ്പുറത്ത് ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. യുവാവിന്റെ പരിചയക്കാരി തന്നെയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപമാണു സംഭവം നടന്നത്. ഗൂഡല്ലൂർ സ്വദേശിനി സീതയെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്.
യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്. ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. സനിൽ കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ്.
യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ബസിൽ കയറിയത്. നേരത്തേ ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നിരുന്നത്. ഇതിനിടെ ഇരുവരും വാക്കേറ്റമുണ്ടായി.
കോട്ടയ്ക്കലിൽവച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി. ബസിലെ ലൈറ്റ് അണച്ചപ്പോള്‍ യുവാവ് യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് കത്തി പുറത്തേക്ക് എറിഞ്ഞതായാണ് ബസ് ജീവനക്കാർ വെളിപ്പെടുത്തിയത്. ഉടൻ ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവാവിനു ഗുരുതര പരുക്കുണ്ട്.