കോട്ടയം കടുത്തുരുത്തിയിലെ ആതിരയുടെ ആത്മഹത്യയില്‍ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുഹൃത്ത് അരുണ്‍ വിദ്യാധറിനായി തിരച്ചില്‍ നടക്കുകയാണ്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ അരുണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് അപമാനിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്കിയ ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കോതനല്ലൂരിലെ വീട്ടിലെ കിടപ്പുമുറിയില്‍ ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആതിര അരുണിന്റെ കടുത്ത സൈബര്‍ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് ആരോപിച്ചു. നേരത്തെ ഇരുവരും ബന്ധത്തിലായിരുന്നപ്പോള്‍ വിവാഹാലോചന വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മോശം സ്വഭാവം കാരണം കുടുംബം വല്യ താല്പര്യം കാട്ടിയില്ല. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായി. ബന്ധം പിരിഞ്ഞതിന് പിന്നാലെ അരുണിന് വേറെ വിവാഹം ഉറപ്പിച്ചു. എന്നിട്ടും ഇയാള്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് നിര്‍ത്തിയില്ല. ആതിരയ്ക്ക് വിവാഹം ആലോചിച്ച് തുടങ്ങിയതോടെ കൂടുതല്‍ പ്രശ്നങ്ങളായെന്നും ആശിഷ് പറഞ്ഞു.
വീട്ടിലെ ഏറ്റവും ബോള്‍ഡായ ആളായിരുന്നു ആതിര. ആരെങ്കിലും കമന്റടിച്ചാല്‍ അതിനു ചുട്ടമറുപടി നല്കുന്ന പ്രകൃതം. ഒരു തൊട്ടാവാടിയായിരുന്നില്ല. അവള് വെറുതെയൊന്നും ഇങ്ങനെ ചെയ്യില്ല. വീഡിയോ കോളിന്റെ സ്ക്രീന്‍ഷോട്ടുള്‍പ്പെടെ അരുണ്‍ സേവ് ചെയ്തിരുന്നു. ചിത്രങ്ങളില്‍ ചിലത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ ഫോണ്‍ വിളിച്ചിട്ടും അയാള്‍ ഫോണ്‍ എടുത്തില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് അരുണെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു.