ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പൻ ദൗത്യം ഫലസമാപ്തിയിലേക്ക്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്.
ഇന്നലെ മുതലാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. എന്നാൽ ഇന്നലെ ഉച്ചവരെ ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.