ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്; വേദനയോടും രോഷത്തോടും കൂടി രഞ്ജിത്തിന് കാസർഗോഡ് നിന്ന് ഒരു കുറിപ്പ്
മയക്കുമരുന്ന് വരാൻ എളുപ്പമുള്ളതുകൊണ്ടാണ് കാസർഗോഡ് ഇപ്പോൾ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്, നടൻ രാജേഷ് മാധവൻ അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കാസർഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നുമായിരുന്നു സംവിധായകൻ സുധീഷിന്റെ പ്രതികരണം. പിന്നാലെ, സോഷ്യൽ മീഡിയയിൽ ഒരു കാസർഗോഡ് സ്വദേശി എഴുതിയ കുറിപ്പ് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ രാജേഷ് മാധവൻ.
അഭിനന്ദിച്ചില്ലെങ്കിലും, അംഗീകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും തങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുതെന്നും രാജേഷ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഒരു നാടിന്റെ കരുത്തുറ്റ ആത്മാവിഷ്കാരങ്ങളെ, അത്ഭുതപ്പെടുത്തുന്ന അഭിനയശേഷിയുള്ള പ്രതിഭകളെ, സിനിമാ പ്രവർത്തകരെ ഒക്കെ എത്ര നിസാരമായാണ് രഞ്ജിത്ത് വെറും മയക്കുമരുന്ന് വ്യാപാരത്തിലേക്ക് ചുരുക്കിക്കളഞ്ഞതെന്ന് രാജേഷ് പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. കാസർഗോഡ് സ്വദേശിയായ പി.വി ഷാജികുമാർ എഴുതിയ പോസ്റ്റാണ് രാജേഷ് തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്.
ശ്രീ രജപുത്ര രഞ്ജിത്ത്,
ഞങ്ങൾ വടക്കേ മലബാറുകാർക്ക് കാലങ്ങളായി സിനിമയെന്നത് ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത ഒരു സ്വപ്നലോകമായിരുന്നു.നിങ്ങളുടെ ദേശങ്ങളിൽ നിന്ന്നൊക്കെ വരുന്ന സിനിമകൾ ഞങ്ങൾ സിനിമാകൊട്ടകകളിലിരുന്ന് ആവേശത്തോടെ കണ്ട് കൈയ്യടിച്ചിട്ടുണ്ട്, വിസിലടിച്ചിട്ടുണ്ട്. ഞങ്ങളുടെ നാടുകളിൽ ആണ്ടിനും സംക്രാന്തിക്കും സംഭവിക്കുന്ന ഷൂട്ടിങ്ങ് കാണാൻ വണ്ടിയൊക്കെ വാടകക്കെടുത്ത് കഷ്ടപ്പെട്ട് പോയിട്ടുണ്ട്. ക്ലാപ്പടിക്കുമ്പോൾ, വെള്ളിത്തിരയിലുള്ളവർ തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കാതെ കഥാപാത്രങ്ങളായി ജീവിക്കുന്നത് കാണുമ്പോൾ അൽഭുതത്താൽ കണ്ണ് തള്ളിയിട്ടുണ്ട്.(തള്ളല്ല). മുഖ്യനടന്റെ കഥാപാത്രമായുള്ള പകർന്നാട്ടം കണ്ട് കട്ട് പറയാൻ മറന്ന് പോയ സംവിധായകന് പകരം കട്ട് പറഞ്ഞിട്ടുണ്ട്.