‘ഒരാൾ അഫ്ഗാനിസ്ഥാൻ ജയിലിൽ’; ‘കേരള സ്റ്റോറി’ ട്രെയ്‌ലർ

സുദീപ്‌തോ സെൻ സംവിധാനവും രചനയും നിർവഹിച്ച ചിത്രമാണ് ‘ദി കേരള സ്റ്റോറി’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ ടീസർ കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയിരുന്നു. സിനിമ മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തിൽ നിന്നും കാണാതായ സ്ത്രീകളെ  മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് സിനിമയുടെ പ്രമേയം. കേരളത്തിൽ നിന്നും മുപ്പത്തിരണ്ടായിരം സ്ത്രീകളെ കാണാതായെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

ആദാ ശർമയാണ് ‘ദി കേരള സ്റ്റോറി’യിൽ നായിക വേഷത്തിലെത്തുന്നത്. ‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്  സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ ചെന്നൈയിലെ തമിഴ് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ മുഖ്യമന്ത്രിയ്ക്കുൾപ്പെടെ പരാതി നൽകിയിരുന്നു. കേരളത്തിനെതിരെ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും ചിത്രം സാമുദായിക സൗഹാർദം തകർക്കുന്നതാണെന്നുമാണ് അന്ന് പരാതിയിൽ പറഞ്ഞിരുന്നത്. ചിത്രത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും ബി.ആർ. അരവിന്ദാക്ഷൻ പരാതി നൽകിയതായി വാർത്തകളും പ്രചരിച്ചിരുന്നു.

അതേസമയം തങ്ങൾ തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു നിർമാതാവ് വിപുൽ അമൃതലാൽ ഷാ പറഞ്ഞിരുന്നത്. ‘ദി കേരള സ്റ്റോറി’യുടെ ടീസർ വിവാദമായപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെച്ചാണ് വിപുൽ അമൃതലാൽ ഷാ ഈ പ്രതികരണം നടത്തിയത്. തങ്ങൾ ആരോപണങ്ങളെ സമയമാവുമ്പോൾ അഭിസംബോധന ചെയ്യുമെന്നും തെളിവില്ലാതെ ഒന്നും പറയില്ലെന്നും പറഞ്ഞിരുന്നു.  കണക്കുകൾ നിരത്തുമ്പോൾ പ്രേക്ഷകർക്ക് സത്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ സുദീപോ സെൻ നാല് വർഷമാണ് ഈ സിനിമയ്ക്ക് വേണ്ടി ഗവേഷണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നതെന്നും വിപുൽ അമൃതലാൽ ഷാ കൂട്ടിച്ചേർത്തു. യഥാർത്ഥത്തിൽ രേഖകളുടെ പിൻബലമുള്ള ഒരു യഥാർഥ കഥയാണ് ‘കേരള സ്റ്റോറി’ എന്നാണ് സുദീപോ സെന്നിന്റെ വാദം. ഇതിൽ മൂന്ന് പെൺകുട്ടികളുടെ കഥയാണ് പ്രധാനമായും പറയുന്നത്. ഒരാൾ അഫ്ഗാനിസ്ഥാൻ ജയിലിൽ ആണെന്നും ഒരാൾ ആത്മഹത്യ ചെയ്‌തെന്നും മറ്റൊരാൾ ഒളിവിലാണെന്നും സംവിധായകൻ വ്യക്തമാക്കി.