രോഹിത് ശർമ്മയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട് ഗവാസ്‌കർ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് അൽപം വിശ്രമം എടുക്കണമെന്നും 2023 ഐപിഎല്ലിന് ശേഷം നടക്കാനിരിക്കുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പുതുതായി മടങ്ങിയെത്തണമെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട് 56 റൺസിന്റെ ദയനീയ തോൽവിയാണു മുംബൈ ഏറ്റുവാങ്ങിയത്. 208 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിർണായക ഘട്ടത്തിൽ ഒരു കൂട്ടുകെട്ടും കെട്ടിപ്പടുക്കാനായില്ല, മത്സരത്തിൽ ജിടി ബൗളർമാർ വ്യക്തമായ ആധിപത്യം പുലർത്തി.

മത്സരത്തിന് ശേഷം സ്‌റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ രോഹിത് വിശ്രമിക്കണമെന്നും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുതിയ മനസ്സോടെ മടങ്ങണമെന്നും നിർദ്ദേശിച്ചു.

“രോഹിത് ശർമ്മ ഒരു ഇടവേള എടുത്ത് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിനായി സ്വയം ഫ്രഷ് ആയി തുടരണം. അവസാനത്തെ കുറച്ച് മത്സരങ്ങൾക്കായി വീണ്ടും വരിക, എന്നാൽ ഇപ്പോൾ സ്വയം മാറി നിൽക്കുക. അദ്ദേഹം അൽപ്പം തിരക്കിലാണ്, ഒരുപക്ഷേ ഡബ്ല്യുടിസിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. അദ്ദേഹത്തിന് അൽപ്പം വിശ്രമം ആവശ്യമാണ്” ഗവാസ്‌കർ സ്‌റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

മുൻ ഇന്ത്യൻ ബാറ്റർ മുംബൈ ബൗളർമാരെ രൂക്ഷമായി വിമർശിക്കുകയും, സമാന തെറ്റുകൾ ആവർത്തിക്കുന്ന താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. “ഒരു അത്ഭുതത്തിന് മാത്രമേ ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെ പ്ലേ ഓഫിലെത്തിക്കാനാകൂ. അവസാന നാലിലേക്ക് യോഗ്യത നേടുന്നതിന് അവർക്ക് അസാധാരണമായ ക്രിക്കറ്റ് കളിക്കേണ്ടി വരും,” ഗവാസ്‌കർ പറഞ്ഞു.