കൂറ്റൻ തോൽവി; ടോട്ടനത്തിൽ വീണ്ടും മാറ്റം

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ ഇടക്കാല പരിശീലകൻ ക്രിസ്റ്റ്യൻ സ്റ്റെല്ലിനി പുറത്ത്. കഴിഞ്ഞ ദിവസത്തെ പ്രീമിയർ ലീ​ഗ് മത്സരത്തിൽ ടോട്ടനം ന്യൂകാസിലിനോട് ഒന്നിനെതിരെ ആറ് ​ഗോളുകൾക്ക് തോറ്റിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. സ്റ്റെല്ലിനിയുടെ പരിശീലകസംഘാം​ഗങ്ങളും ക്ലബ് വിടും.

നേരത്തെ സ്റ്റാർ പരിശീലകൻ അന്റോണിയോ കോണ്ടെയുടെ കീഴിൽ ടോട്ടനത്തിന്റെ സഹപരിശീലകനായിരുന്നു സ്റ്റെല്ലിനി. ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് കോണ്ടെ പുറത്തിരുന്ന ചില പ്രധാന മത്സരങ്ങളിൽ സ്റ്റെല്ലിനി ടീമിനെ ഒരുക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്ലബുമായി ഉടക്കി കോണ്ടെ പുറത്തായതോടെ സ്റ്റെല്ലിനിക്ക് ഇടക്കാല ചുമതല നൽകിയത്. എന്നാൽ മികച്ച പ്രകടനങ്ങൾ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല.

സ്റ്റെല്ലിനിയും പുറത്തായതോടെ റയാൻ മേസൺ ടോട്ടനത്തിന്റെ ചുമതലയേറ്റെടുക്കും. ക്ലബ് സഹപരിശീലകനാണ് മേസൺ. മുമ്പ് 2021-ൽ ഹോസെ മൗറീന്യോ ടോട്ടനം വിട്ടപ്പോഴും താൽക്കാലിക ചുമതല മേസൺ ഏറ്റെടുത്തിരുന്നു.