നഗരത്തിലെങ്ങും കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം: റോഡ് ഷോയിലും യുവം പരിപാടിയിലും പിഎം പങ്കെടുക്കും, റോഡ് ഷോയുടെ ദൂരംകൂട്ടി
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. തേവര ജംക്‌ഷനിൽ നിന്നു മെഗാ റോഡ് ഷോ ആയാകും പ്രധാനമന്ത്രി ‘യുവം’ വേദിയിലേക്കെത്തുക. പരിപാടിയിൽ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സമീപകാലത്തു ബിജെപിയിൽ ചേർന്ന അനിൽ ആന്റണി പ്രസംഗിക്കും. കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനാണ് അനിൽ.
വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുക. തുടർന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റർ ദൂരത്തിൽ റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. അൻപതിനായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് കരുതുന്നത്.
കൊച്ചി വെണ്ടുരുത്തി പാലം മുതൽ യുവം കോൺക്ലേവ് നടക്കുന്ന തേവര കോളജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തേവര ജംഗ്ഷൻ മുതൽ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ റോഡ് ഷോയിൽ ജനപങ്കാളിത്തം വിചാരിക്കുന്നതിലും അധികം എത്തുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ റോഡ് ഷോ നീട്ടിയത്.
തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ തൊഴിൽ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്‍റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കർദിനാൾമാരടക്കം ക്രൈസ്തവ മേലധ്യക്ഷൻമാരുമായുളള കൂടിക്കാഴ്ച.