പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടിലെത്തും. എന്നാല്‍ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി.
സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത പട്ടികയില്‍ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ കൊച്ചിയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവായിരിക്കും പ്രധാനമന്ത്രിയെ സ്വീകരിക്കുക.
അതേസമയം, കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി യുവം യൂത്ത് കോണ്‍ക്ലേവില്‍ യുവജനങ്ങളുമായി സംവദിക്കും. രാത്രി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടലില്‍ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തി കൊച്ചിയില്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് എത്തുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിലും സുരക്ഷ ശക്തമായിട്ടുണ്ട്.