പാരസ്പര്യത്തിന്റെ ചെറിയ പെരുന്നാള്‍; ഇന്ന് ഈദുൽ ഫിത്തര്‍

വീണ്ടുമൊരു ഈദുൽ ഫിത്തര്‍. മനസും ശരീരവും ശുദ്ധമാക്കി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.  സാർവലൗകികമായ നന്മയെയാണ്  ചെറിയ പെരുന്നാള്‍ ഉയർത്തിപ്പിടിക്കുന്നത്.

ചെറിയ പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. നിർബന്ധദാനത്തിന്റെ ദിനമായതുകൊണ്ടാണ് ഈദുൽ ഫിത്തർ എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വയം  ആനന്ദിക്കുകയല്ല, എല്ലാവർക്കും സന്തോഷിക്കാൻ കഴിയാവുന്നത്‌ ചെയ്യുകയെന്നതാണ് ഈദുൽഫിത്തറിന്റെ  അര്‍ഥം തന്നെ. നമസ്‌കാരത്തിനു മുന്‍പ്  ഓരോ വിശ്വാസിയും ഫിത്തർ സക്കാത്തു നല്‍കും.

ഒരുമാസത്തെ വ്രതംകൊണ്ട് സ്ഫുടംചെയ്തെടുത്ത മനസ്സും ശരീരവുമാണ് ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൈവരുന്നത്. ആത്മീയചൈതന്യം കെടാതെ സൂക്ഷിക്കാനും മനുഷ്യമനസ്സുകൾക്കിടയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള പ്രതിജ്ഞചെയ്യാനുള്ള സുരഭില മുഹൂർത്തമായി പെരുന്നാളിനെ നോക്കിക്കാണുന്നു. ‘റംസാന്‍ എന്നത് ഒരു മാസത്തിന്റെ പേരാണ്.

വ്രതാനുഷ്ഠാനം  കഴിഞ്ഞു വരുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. റംസാന്‍ മാസത്തിലാണ് ഖുറാന്റെ അവതരണം തുടങ്ങുന്നത് എന്നാണ് വിശ്വാസം-എഴുത്തുകാരനും സാമൂഹിക വിമർശകനുമായ  ഹമീദ് ചേന്ദമംഗല്ലൂർ ഇന്ത്യാ ടുഡേയോട് പറഞ്ഞു, സമ്പത്തുള്ള ആള്‍ സമ്പത്തിന്റെ ഒരു ഭാഗത്തില്‍ നിന്നു പാവപ്പെട്ടവര്‍ക്ക് നല്‍കണം. ഈദുല്‍ ഫിത്തര്‍ എന്ന് പറഞ്ഞാല്‍ ദാനപ്പെരുന്നാള്‍ എന്നാണ്.  ഈദുല്‍ ഫിത്തര്‍  ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.

ഈദുല്‍ ഫിത്തര്‍  ദിനമായ ഇന്നു ചെറിയ പെരുന്നാള്‍ എന്നാണ് പറയുന്നത്. ഇനി രണ്ടു മാസവും പത്ത് ദിവസവും കഴിഞ്ഞാല്‍  വലിയ പെരുന്നാള്‍ വരുന്നുണ്ട്. അത് ഈദുല്‍ അസ്ഹായാണ്.  ബലിപ്പെരുന്നാള്‍ ദിനം. അബ്രഹാമിന്റെ ത്യാഗം അനുസ്മരിപ്പിക്കുന്ന പെരുന്നാള്‍ ആണ് ബലിപ്പെരുന്നാള്‍. ചെറിയ പെരുന്നാള്‍ ദിനമായ ഈ ദിവസം ആഘോഷിക്കണം. ഒപ്പം തന്റെ സമ്പത്തില്‍ നിന്നും ഒരു ചെറിയ വിഹിതം പാവപ്പെട്ടര്‍ക്ക് നല്‍കുകകൂടി വേണം.

ദാനപ്പെരുന്നാള്‍ എന്നതാണ് ഈ പെരുന്നാളിന്റെ പ്രധാനപ്പെട്ട വശം. ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിക ഭരണമുള്ളിടത്ത് വരുമാനത്തിന്റെ നികുതിയായി രണ്ടര ശതമാനം സര്‍ക്കാരിനു നല്‍കേണ്ടതുണ്ട്. അല്ലാത്തിടത്ത് അത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു. സക്കാത്ത് എന്ന് പറയുന്നത് ഈ ദാനത്തിനാണ്.