തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ വീഴ്ചയെന്ന് റിപ്പോർട്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം പാലിച്ചില്ല. വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. പ്രതികൂല സാഹചര്യമുണ്ടായാൽ മറുമരുന്ന് ഉപയോഗിക്കാമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു.
മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോൾ കയർവല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകൾ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. അതേസമയം കരടി മുങ്ങിച്ചത്തതു തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി. മയക്കുവെടിക്കുശേഷം അന്‍പതുമിനിറ്റോളം വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്.
ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കരടി മയങ്ങി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം പുറത്തെടുത്തപ്പോഴേക്കും കരടി ചത്തിരുന്നു.