ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ ഒരു സംഘം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ എത്തും. ഇന്നലെയാണ് സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിവെയ്പ് നടത്തിയിയത്. ഇതിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ തുടരന്വേഷണത്തിനായി ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധർക്കൊപ്പം എൻഐഎ സംഘം ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ സ്ഥലത്ത് എത്തും.
ഹവിൽദാർ മന്ദീപ് സിംഗ്, ലാൻസ് നായിക് ദേബാശിഷ് ബസ്വാൾ, ലാൻസ് നായിക് കുൽവന്ത് സിംഗ്, ശിപായി ഹർകൃഷൻ സിംഗ്, ശിപായി സേവക് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ വെള്ളിയാഴ്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വെടിവയ്പിൽ കൊല്ലപ്പെട്ട രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിൽ നിന്നുള്ള ജവാന്മാർ, പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിക്കപ്പെട്ടവരാണ്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് രജൗരിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് കനത്ത മഴയും ദൃശ്യപരത കുറവും മുതലെടുത്ത് ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തതായി നോർത്തേൺ കമാൻഡ് അറിയിച്ചു. മൂന്ന് വശത്തുനിന്നും വെടിവയ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. വാഹനത്തിന്റെ ഇന്ധന ടാങ്കിന് തീപിടിച്ചതായും അവർ കൂട്ടിച്ചേർത്തു.
ജെയ്ഷെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ നാല് ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. 2021-ലെ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപമാണ് വ്യാഴാഴ്ച ആക്രമണം നടന്നത് . തീവ്രമായ തിരച്ചിൽ നടത്തിയെങ്കിലും, ഭീകരർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.