മലയാളി യുവതിയെ സൗദിയിൽ എത്തിച്ച് മതംമാറ്റി: പരാതി

സൗദിഅറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി. മതം മാറിയ യുവതി നിലവിൽ കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുവെന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കണാതായെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ആൻ്റണി മുഖ്യമന്ത്രിക്ക് പരാതി നൽകി. 2013ലാണ് ആതിരയും ആൻ്റണിയും തമ്മിൽ മിശ്ര വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇരുവർക്കും അലൻ എന്നൊരു മകനും പിറന്നിരുന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016ൽ സൗദി അറേബ്യയിൽ ആതിര എക്സ് റേ ടെക്നീഷ്യനായി ജോലിക്ക് പോവുകയായിരുന്നുഎന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയിലുള്ള അബഹാ എന്ന സ്ഥലത്ത് ഹൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എക്സറെ ടെക്നിഷ്യൻ റേഡിയോഗ്രാഫർ ആയി നാല് വർഷം ആതിര ജോലി ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. തുടർന്ന് 2021ൽ എറണാകുളത്തുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽ മകറുന്ന സ്ട്രീറ്റിലുള്ള അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൽ എക്സറെ ടെക്നിഷ്യനായി ആതിര ജോലിക്കു പോയി. അവിടെ നിന്നും ആതിര ദിനവും തന്നെ ഫോണിൽ ബന്ധപ്പെടുകയും, കത്തുകൾ അയക്കുകയും, വാട്സപ്പ് സന്ദേശങ്ങൾ അയക്കുകയും പതിവായിരുന്നു എന്നും ആൻ്റണി പറയുന്നു. . എന്നാൽ കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവുമില്ലാത്ത ആളായി ആതിര മാറുകയായിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും തൻ്റെ സംസാരം കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്യുന്നത് പതിവായിരുന്നു എന്നും ആൻ്റണി പറയുന്നു.