ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 (IPL 2023) ലെ 27-ാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് (Punjab Kings) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (RCB) നേരിടുകയാണ്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ച 3.30 നാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 8 റണ്‍സിന് തോറ്റിരുന്നു. 226 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഫാഫ് ഡു പ്ലെസിസും (Faf du Plessis) സംഘവും പൊരുതിയെങ്കിലും ലക്ഷ്യത്തിനടുത്തുവെച്ച് കളി അവസാനിപ്പിച്ചു.
ഡു പ്ലസിസും മാക്സ്വെല്ലും 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും കാര്യമുണ്ടായില്ല. ബാംഗ്ലൂര്‍ വളരെ ചെറിയ മാര്‍ജിനില്‍ ലക്ഷ്യം കാണാതെ വീണു. തോല്‍വിയോടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവര്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ മൊഹാലിയില്‍ ആര്‍സിബിക്ക് നിര്‍ണായകമാണ്. ഒരു തോല്‍വികൂടി നേരിട്ടാല്‍ അത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. മാത്രമല്ല, പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്.
മറുവശത്ത്, ക്യാപ്റ്റന്‍ ധവാന് ഇല്ലെങ്കിലും ലക്നൗ ടീമിനെ പരാജയപ്പെടുത്തിയ പഞ്ചാബ് കിംഗ്സ് കഴിഞ്ഞ മത്സരത്തില്‍ ശ്രദ്ധേയമായിരുന്നു. സിക്കന്ദര്‍ റാസയും ക്യാപ്റ്റന്‍ സാം കറനും ടീമിന് കരുത്തേകി. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഇരു ടീമുകളും തമ്മിലുള്ള ആവേശകരമായ മത്സരത്തിന് ഒരുങ്ങവെ ആര്‍സിബി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും.
പരിക്കേറ്റ രജത് പാട്ടിദാര്‍ ഇതിനകം സീസണില്‍ നിന്ന് പുറത്തായി. തോളെല്ലിനു പരിക്കേറ്റ റീസ് ടോപ്ലിയും കളിക്കുന്നില്ല. ഈ പരിക്കുകള്‍ ആര്‍സിബിയുടെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. പകരക്കാരനായി എത്തയ വെയ്ന്‍ പാര്‍നെല്‍ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. ഇത് ആര്‍സിബിയുടെ എവേ മത്സരം ആയതുകൊണ്ടുതന്നെ ടീമിന്റെ അന്തിമ പ്രഖ്യാപനത്തിലും അത് പ്രതിഫലിക്കും.