തിരുവനന്തപുരത്ത് കരടി കിണറ്റില്‍ വീണു

തിരുവനന്തപുരത്ത് കരടി കിണറ്റില്‍ വീണു. വെള്ളനാട് കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ  ബുധനാഴ്ച രാത്രിയോടെയാണ് കരടി വീണത്. വനം വകുപ്പിന്റെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പരിസരത്തെ വീട്ടിൽ വളർത്തുന്ന കോഴികളെ പിടിക്കാനായാണ് കരടി എത്തിയത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു. മയക്കു വെടി വെച്ച് പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയ സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടർ എത്തിയാണ് മയക്കുവെടി വെച്ചത്.

പുലർച്ചെ കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.