സാരിയിൽ 42.5 കിലോമീറ്റർ മാരത്തൺ ഓട്ടം; മാഞ്ചസ്റ്ററിൽ സ്റ്റാറായി മധുസ്മിത ജെന ദാസ്

മാഞ്ചസ്റ്ററിൽ സ്റ്റാറായി മധുസ്മിത ജെന ദാസ് എന്ന ഓഡിയ വനിത. സംബൽപുരി കൈത്തറി സാരി ധരിച്ച് 42.5 കിലോമീറ്റർ മാരത്തൺ ഓടിയാണ് മധുസ്മിത സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് 41 കാരിയായ മധുസ്മിത ജെന ദാസ് മാരത്തൺ പൂർത്തിയാക്കിയത്. ചുവന്ന സാരിയും ഓറഞ്ച് നിറത്തിലുള്ള ഷൂസും ധരിച്ചാണ് മധുസ്മിത മാരത്തണിൽ ഓടിയത്. പരിപാടിയിൽ പങ്കെടുത്ത ഒരാൾ വീഡിയോ ട്വീറ്ററിലൂടെ പങ്കുവെച്ചതോടെ മധുസ്മിതയെ അനുമോദിച്ച് നൂറു കണക്കിനാളുകളാണ് എത്തിയത്.

”യുകെയിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഒരു ഒഡിയ, യുകെയിലെ രണ്ടാമത്തെ വലിയ മാഞ്ചസ്റ്റർ മാരത്തൺ 2023 ഓടിയത് സമ്പൽപുരി സാരി ധരിച്ചാണ്! ശരിക്കും എന്തൊരു മഹത്തായ സന്ദേശമാണിത് ! നൂറ്റാണ്ടുകളായി സഹവർത്തിത്വം പുലർത്തുന്ന ഗോത്ര, നാടോടി സമൂഹങ്ങളുടെ ശക്തമായ കൂട്ടായ്മയിൽ നിന്ന് ഉടലെടുത്ത സമ്പൽപൂരിന് ഒരു വ്യതിരിക്തമായ സാംസ്കാരിക സ്വത്വമുണ്ട്. ഇതൊരു ദുഷ്‌കരമായ ഘട്ടമാണ്, നമുക്ക് സമാധാനവും ഐക്യവും നിലനിർത്താം,” ട്വീറ്റിൽ പറയുന്നു.

‘ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സോക് ഇന്റൽ യുകെ’യും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും മാരത്തണിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചു. “യുകെയിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ മധുസ്മിത ജെന മനോഹരമായ സംബൽപുരി സാരിയിൽ സുഖമായി മാഞ്ചസ്റ്റർ മാരത്തൺ 2023 ഓടുന്നു. അഭിമാനപൂർവ്വം തന്റെ ഇന്ത്യൻ പൈതൃകം പ്രദർശിപ്പിക്കുമ്പോൾ, ഏറ്റവും മികച്ച #ഇന്ത്യൻ വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരു ക്ഷണികമായ കാഴ്ചപ്പാടും അവർ അവതരിപ്പിക്കുന്നു,” ട്വീറ്റിൽ പറയുന്നു.